ഇതുവരെ കണ്ടതിൽ ഏറ്റവും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് ബിഗ് ബോസ് സീസൺ മൂന്ന് കടന്നുപോകുന്നത്. പൊന്ന് വിളയുന്ന മണ്ണ് എന്ന പേരിലുള്ള വീക്കിലി ടാസ്കാണ് മത്സരാർത്ഥികൾക്കായി ഇത്തവണ ബിഗ് ബോസ് നൽകിയിരിക്കുന്നത്. വലിയ പൊട്ടിത്തെറികൾ ഇല്ലാതെ പോയ വീട്ടിൽ ഇപ്പോൾ കനകം മൂലം കലഹം സുലഭമായിരിക്കുകയാണ്. പരസ്പരം തമ്മിലടിപ്പിക്കുന്ന ഏറെ രസകരമായ കളിയല്ല കളി തന്നെയാണ് പൊന്ന് വിളിയുന്ന മണ്ണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൌശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് ടാസ്ക്. എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് പ്രവേശിക്കാൻ ക്യാപ്റ്റൻ പാസ് അനുവദിക്കണം. ഈ പാസ് നിയമപാലകരായി നിർത്തിയിരിക്കുന്ന മൂന്നുപേർ പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുക.

തിരികെ വരുമ്പോൾ പരിശോധന നടത്തി കളവ് നടന്നുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നു ഗെയിം പ്ലാനിൽ പറയുന്നുണ്ട്.  പക്ഷെ ഒന്നിൽ കൂടുതൽ ചാരന്മാരെ ഈ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കാൻ കഴിയുമെന്നും ചട്ടങ്ങളിൽ ബിഗ് ബോസ് വ്യക്തമാക്കിയിട്ടുണ്ട്.  ഈ ഗെയിമിന്റെ ഭാഗമായി നിയമപാലകരായി ബിഗ് ബോസ് തെരഞ്ഞെടുത്തത് ഡിംപൽ, സജിന, റംസാൻ എന്നിവരെയാണ്.  

ഇവരിൽ വളരെ കൂർമ്മ ബുദ്ധിയോടെയാണ് റംസാൻ ഗെയിമിനെ കാണുന്നത്. ചുറുചുറുക്കോടെയൂള്ള നീക്കങ്ങൾക്കൊപ്പം തന്നെ ബുദ്ധിപരമായ ധാരണകളും റംസാൻ നിർമിക്കുന്നുണ്ട്. അതിൽ രമ്യ പണിക്കരുമായി സംസാരിച്ച് ധാരണയിലെത്തിയിരിക്കുകയാണ് റംസാൻ. 

രമ്യക്ക് ലഭിക്കുന്നതിൽ അറുപത്, നാൽപത് എന്ന തരത്തിൽ വീതിക്കാമെന്ന് റംസാൻ പറയുന്നു. അതേസമയം തന്നെ രക്ഷപ്പെടുത്തിയാൽ അത് തീർച്ചയായും ചെയ്യാമെന്നാണ് രമ്യ പറയുന്നത്. നീയെന്നെ രക്ഷിക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പില്ലല്ലോ എന്ന് രമ്യ ചോദിക്കുന്നുണ്ടെങ്കിലും തനിക്ക് രക്ഷിക്കാൻ എളുപ്പമാണെന്നായിരുന്നു റംസാന്റെ മറുപടി. അങ്ങനെയെങ്കിൽ ഞാൻ വാക്ക് മാറില്ലെന്ന് രമ്യ പറഞ്ഞു. മറ്റുള്ളവർ 75 ശതമാനം വരെയൊക്കെയാണ് ചോദിക്കുന്നതെന്നും റംസാൻ പറയുന്നുണ്ട്.