തലവേദനയാണെന്ന് പറഞ്ഞ രേണു സുധിക്ക് അല്‍പസമയം വിശ്രമിക്കാന്‍ ക്യാപ്റ്റനായ അനീഷ് അനുവാദം കൊടുത്തിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് രേണു സുധി. സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുത്ത വലിയ ശ്രദ്ധയുടെ തുടര്‍ച്ചയാണ് രേണുവിന്‍റെ ബിഗ് ബോസിലെ സാന്നിധ്യം. ഭൂരിഭാഗം സഹമത്സരാര്‍ഥികള്‍ക്കും അറിയാവുന്ന ഒരാള്‍ ഈ സീസണില്‍ ഉണ്ടെങ്കില്‍ അത് രേണു സുധി ആണ്. അത്രയും വലിയ സോഷ്യല്‍ മീഡിയ റീച്ച് ആണ് രേണു സുധി സമീപകാലത്ത് നേടിയെടുത്തത്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യദിനം തന്നെ മത്സരാര്‍ഥികള്‍ കൈയ്യാങ്കളിക്ക് അടുത്തെത്തുന്ന കാഴ്ചയ്ക്ക് ഹൗസ് ഇന്ന് സാക്ഷ്യം വഹിച്ചു. അരങ്ങേറിയ പല തര്‍ക്കങ്ങളില്‍ ഒന്നില്‍ കേന്ദ്ര സ്ഥാനത്ത് രേണു സുധി ഉണ്ടായിരുന്നു.

തലവേദനയാണെന്ന് പറഞ്ഞ രേണു സുധിക്ക് അല്‍പസമയം വിശ്രമിക്കാന്‍ ക്യാപ്റ്റനായ അനീഷ് അനുവാദം കൊടുത്തിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് പലരും എത്തി. അഭിലാഷ്, ഷാനവാസ്, അപ്പാനി ശരത് തുടങ്ങിയവരായിരുന്നു ഇതിന്‍റെ മുന്‍പന്തിയില്‍. അല്‍പം മുന്‍പ് ഷാനവാസ് കടുത്ത തലവേദനയാണെന്ന് പറഞ്ഞിട്ട് അനങ്ങാത്ത ക്യാപ്റ്റന്‍ രേണു സുധി പറഞ്ഞപ്പോഴേക്കും വിശ്രമം അനുവദിച്ചു എന്നതായിരുന്നു ഇവരുടെ പരാതി. ഇത് പ്രശ്നമായി ഉന്നയിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തലവേദനയുടേതായ ബുദ്ധിമുട്ട് പ്രകടിപ്പിക്കാതെ നടന്ന രേണു സുധിയോട് അഭിലാഷും അപ്പാനി ശരത്തും അടക്കമുള്ളവര്‍ രേണുവിന്‍റേത് അഭിനയമായിരുന്നുവെന്ന് വാദിച്ചു. ക്ഷീണത്തിന് വിശ്രമിക്കാന്‍ കണ്ടെത്തിയ ഉപായമാണ് തലവേദന എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇതിനോടെല്ലാം ശക്തിയുക്തം എതിര്‍ത്ത് നില്‍ക്കുന്ന രേണു സുധിയെയാണ് സഹമത്സരാര്‍ഥികള്‍ കണ്ടത്.

ഒടുവില്‍ ബിഗ് ബോസ് ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് തനിക്ക് മരുന്ന് വേണമെന്നും രേണു അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് ബെഡ്റൂമില്‍ ഒരു പഞ്ച് ഡയലോഗ് തമാശ മട്ടില്‍ പറയുന്ന രേണു സുധിയെയും കണ്ടു. 100 പേര്‍ നിന്ന് കളിയാക്കി ചിരിച്ചാലും താഴത്തില്ലെടാ, രേണു സുധി ഫ്ളവറല്ലെടാ, ഫയറാടാ എന്നായിരുന്നു പുഷ്പയിലെ ഡയലോഗ് കടംകൊണ്ടുള്ള രേണുവിന്‍റെ പറച്ചില്‍. അതേസമയം സീസണിലെ ആദ്യ നോമിനേഷന്‍ ലിസ്റ്റിലും രേണു സുധി ഇടംപിടിച്ചിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News