ഷിയാസ് കരീമിനും ശോഭ വിശ്വനാഥിനും പിന്നാലെ, മുൻ സീസണിലെ ശ്രദ്ധേയനായ മത്സരാർത്ഥി റിയാസ് സലീം ബിഗ് ബോസ് ഹൗസില്‍. ബിബി ഹോട്ടൽ ടാസ്കിനിടെ ലക്ഷ്മിയുമായി കൊമ്പുകോര്‍ക്കുന്ന റിയാസിന്‍റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.

ബി​ഗ് ബോസ് മലയാളം സീസണുകളിൽ ചലഞ്ചേഴ്സ് വരാറുണ്ട്. മുൻ സീസണുകളിലെ ശ്രദ്ധേയരായ മത്സരാർത്ഥികളായിരിക്കും ചലഞ്ചേഴ്സ് ആയി എത്തുക. അതുവരെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഷോയെ ഒറ്റയടിക്ക് മാറ്റി മറിക്കാൻ ഇവർക്ക് സാധിക്കുകയും ചെയ്യും. എല്ലാ സീസണുകളിലെയും ബിബി ഹോട്ടൽ ടാസ്കിലാകും ഇവർ എത്തുന്നതും. അത്തരത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ചലഞ്ചേഴ്സ് കയറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷിയാസ് കരീമും ശോഭ വിശ്വനാഥും ആയിരുന്നു ബി​ഗ് ബോസ് ഹൗസിൽ എത്തിയത്.

ഇന്നിതാ ഹൗസിൽ എത്തുന്നത് വൈൽഡ് കാർഡായി എത്തി ടോപ് 5ൽ എത്തിയൊരു മത്സരാർത്ഥിയാണ്. റിയാസ് സലീം ആണ് ആ ചലഞ്ചർ. നിലപാടുകൾ കൊണ്ടും പ്രകടനം കൊണ്ടും മറ്റ് മത്സരാർത്ഥികൾക്ക് വൻ വെല്ലുവിളിയായി മാറിയിരുന്ന റിയാസ് ബി​ഗ് ബോസ് 7ൽ എത്തുമ്പോൾ എന്താകുമെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. നിലവിൽ റിയാസ് ഹൗസിൽ എത്തിയതിന്റെ പ്രമോ ബി​ഗ് ബോസ് ടീം പുറത്തുവിട്ടിട്ടുണ്ട്.

വന്നപാടെ ബിബി ഹോട്ടലിലെ ജനറൽ മാനേജരായ ലക്ഷ്മിയോട് കൊമ്പുകോർത്തിരിക്കുകയാണ് റിയാസ് സലീം. പ്രധാന വാതിൽ കടന്നുവന്ന റിയാസിനെ കണ്ടതും അലറി വിളിച്ച് സന്തോഷിക്കുന്ന നൂറയെ പ്രമോയിൽ കാണാം. പിന്നാലെ ​ഗംഭീര സ്വീകരണമാണ് മത്സരാർത്ഥികൾ റിയാസിനായി ഒരുക്കിയത്. ‘എന്നോട് സംസാരിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്നാണ് ലക്ഷ്മിയോട് റിയാസ് ചോദിക്കുന്നത്. ഇല്ലെന്ന് ലക്ഷ്മി മറുപടയും നൽകുന്നുണ്ട്. 

'ഇങ്ങനെയാണോ ​ഗസ്റ്റ് വരുമ്പോൾ പെരുമാറുന്ന'തെന്ന് ചോദിച്ച റിയാസ് തന്നോട് ബഹുമാനത്തോടെ സംസാരിക്കണം എന്നും പറയുന്നുണ്ട്. ഇതിന് 'ഞാൻ ബഹുമാനത്തോടെ തന്നെയാണ് സംസാരിക്കുന്നതെ'ന്ന് ലക്ഷ്മിയും പറയുന്നുണ്ട്. ലക്ഷ്മിയുടെ ഓരോ മറുപടിയും കേട്ട് ഞെട്ടുന്ന റിയാസിനെയും പ്രമോയിൽ കാണാനാകും.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്