ബിഗ് ബോസ് മലയാളം സീസൺ 7ലെ 'ബിബി ഹോട്ടൽ' വീക്കിലി ടാസ്കിൽ ശോഭ വിശ്വനാഥും ഷിയാസ് കരീമും ചലഞ്ചേഴ്സായി എത്തി. മത്സരാർത്ഥികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഈ ടാസ്ക് ഏറെ നിർണ്ണായകമാണ്.

ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറെ ശ്രദ്ധേയമായ കാര്യമാണ് വീക്കിലി ടാസ്കുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റൻസി, എവിക്ഷൻ നോമിനേഷൻ, ജയിൽവാസം, ലക്ഷ്വറി പോയിൻസ് തുടങ്ങിയവ മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്. അത്തരത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ഏറെ ശ്രദ്ധേയമായ ബിബി ഹോട്ടൽ എന്ന ടാസ്ക് നടക്കുകയാണ്. ചലഞ്ചേഴ്സ് ആയി എത്തിയത് ശോഭ വിശ്വനാഥും ഷിയാസ് കരീമുമാണ്.

ഓരോ മത്സരാർത്ഥികൾക്കും ഓരോ റോളുകൾ ബി​ഗ് ബോസ് നൽകിയിട്ടുണ്ട്. അവരവർക്ക് നൽകിയ കഥാപാത്രങ്ങളിലും വേഷങ്ങളിലുമാണ് ഇവർ ഇന്ന് ഹൗസിൽ നടക്കേണ്ടത്. ഏറ്റവും ഒടുവിൽ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്ത മത്സരാർത്ഥികൾക്ക് ജനറൽ മാനേജർ കോയിൻ നൽകുകയും ചെയ്യും. അക്ബറിനും(ക്യാപ്റ്റൻ ആകാൻ പറ്റില്ല) അനീഷിനും(നോമിനേറ്റ് ചെയ്യാനാകില്ല) ലഭിച്ച വലിയ പണികൾ ഇല്ലാതാക്കാനുള്ള അവസരം കൂടിയാണ് ഈ ടാസ്ക് എന്ന് ബി​ഗ് ബോസ് നിർദേശം നൽകുന്നുമുണ്ട്.

മത്സരാർത്ഥികളുടെ ക്യാരക്ടറും സ്ഥാനങ്ങളും ഇങ്ങനെ

ആദില- ഹോട്ടൽ ഉടമയുടെ മകൾ

ആര്യൻ- ആദിലയുടെ സുഹൃത്ത്

ലക്ഷ്മി- ജനറൽ മാനേജർ

അനുമോൾ- മാനേജർ

അകബർ, റെന- അസിസ്റ്റന്റ് മാനേജർ

നെവിൻ- ചീഫ് മെഡിക്കൽ ഓഫീസർ

ബിന്നി- ഹെഡ് ഷെഫ്

ഒനിയൽ, ജിഷിൻ- അസിസ്റ്റന്റ് ഷെഫ്

ജിസേൽ- സെക്യൂരിറ്റി, എകെ 47 വിളിപ്പേര്

ഷാനവാസ്, അനീഷ്- റൂം സർവീസ്

സാബു മാൻ- മാജിക്കൽ പ്രതിമ

നൂറ, അഭിലാഷ്- ജാനിറ്റേഴ്സ്(ടോയ്ലറ്റ് ക്ലീനേഴ്സ്)

ടാസ്ക് ലെറ്റർ വായിച്ചതിന് പിന്നാലെയാണ് ഷിയാസ് കരീമും ശോഭ വിശ്വനാഥും ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ബിസിനസ് ലേഡി(ഡയമണ്ട് മർച്ചന്റ് ശോഭ), ലക്ഷ്വറി കാർ ഡീലർ(ഷിയാസ് കരീം) എന്നിങ്ങനെയാണ് ഇവരുടെ റോളുകൾ. വന്ന പാടെ ഇരുവരും ക്യാരക്ടറാകുകയും ചെയ്തു. ഇതിനിടയിൽ ലക്ഷ്മിയെ ശോഭ പരിഹസിക്കുന്നുമുണ്ട്. ആ​ദില-നൂറ വിഷവുമായി ബന്ധപ്പെടുത്തിയാണ് പരിഹാസം.

"ലക്ഷ്മി ഒന്ന് പോയി കുളിച്ചിട്ട് വരോ. തുമ്മലുണ്ട്. പ്രോപ്പറായി കുളിച്ചിട്ട് വരാൻ പറയൂ. കാക്ക കുളി കുളിക്കുവോ", എന്നൊക്കെയാണ് ശോഭ പറഞ്ഞത്. ഒപ്പം ആര്യനെ കൊണ്ട് സാരിത്തുമ്പ് പിടിപ്പിക്കുകയും ചെയ്യുന്നുണ്ട് ശോഭ. ഇതിനിടയിൽ എല്ലാവരുടെയും മുന്നിൽ വച്ച് ആദിലയും നൂറയും പ്രപ്പോസ് ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നു. ലക്ഷ്മിയുടെ മുന്നിൽ വച്ചായിരുന്നു ഇതെല്ലാം. "എൽജിബിറ്റിക്യു എന്താണെന്ന്" ശോഭ, ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. "അതിനെ പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല, അത്ര നോർമലൈസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്കത് ഇഷ്ടമില്ല", എന്നാണ് ലക്ഷ്മി പറഞ്ഞത്. പിന്നാലെ വീണ്ടും കുളിച്ചിട്ട് വരാൻ ശോഭ, ലക്ഷ്മിയോട് ആവശ്യപ്പെടുന്നുണ്ട്.

ടാസ്കിനൊടുവിൽ താൻ ചെയ്ത ജോലിക്ക് കോയിൻ നൽകാത്തതിൽ പ്രതിഷേധിച്ച് അനീഷ് നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. പലരും ആശ്വസിപ്പിക്കാനും പിന്തിരിപ്പിക്കാനും നോക്കിയെങ്കിലും അനീഷ് തന്റെ തീരുമാനത്തിൽ ഉറച്ച് നിൽകുകയും ചെയ്തു. ഒടുവിൽ ​ഗസ്റ്റുകൾ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്