ബിഗ് ബോസ് സീസൺ 7 ഫിനാലെ വീക്കിൽ തിരിച്ചെത്തിയ മുൻ മത്സരാർഥികളില്‍ നിന്ന് ഏറ്റവുമധികം ആരോപണങ്ങള്‍ നേരിട്ടത് അനുമോള്‍ ആയിരുന്നു

പല കാര്യങ്ങളിലും ബിഗ് ബോസിലെ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമാണ് സീസണ്‍ 7. മുന്‍ സീസണുകളിലേതുപോലെ ഒരു മത്സരാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം പറയാനില്ലാത്ത സീസണിലെ ഫിനാലെ വീക്ക് പോലും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. മുന്‍ സീസണുകളിലെ ഫിനാലെ വീക്കിലും മുന്‍ മത്സരാര്‍ഥികളുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ സൗഹൃദ നിമിഷങ്ങള്‍ ആയിരുന്നു സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇക്കുറി അങ്ങനെ ആയിരുന്നില്ല. സംഘര്‍ഷ നിമിഷങ്ങള്‍ പലതിനും സാക്ഷ്യം വഹിച്ചു ഈ വാരം മത്സരാര്‍ഥികളും പ്രേക്ഷകരും. പഴയ മത്സരാര്‍ഥികള്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത് അനുമോളുമായി ആയിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അനുമോള്‍ക്കെതിരെ പലപ്പോഴും ഉന്നയിക്കപ്പെട്ട ആരോപണമാണ് വലിയ തുകയ്ക്ക് പുറത്ത് പിആര്‍ കൊടുത്തിട്ടുണ്ട് എന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ പിആര്‍ ആണ് അനുവിനുവേണ്ടി തിരിച്ചെത്തിയ മത്സരാര്‍ഥികള്‍ ചെയ്തിരിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു- “അറിഞ്ഞോ അറിയാതെയോ അനുമോള്‍ ബിഗ് ബോസിലെ ഒരു വലിയ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയി മാറുകയാണ്. അനുമോള്‍ ആണ് അവസാന നിമിഷം ബിഗ് ബോസില്‍ ഒരു ചര്‍ച്ചയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും അനുവിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ പിആറുമായി ബന്ധപ്പെട്ടാണ്. പക്ഷേ ഇത്രയും പമ്പര വിഡ്ഢികളായിട്ടുള്ള മത്സരാര്‍ഥികള്‍ ബിഗ് ബോസില്‍ നാളിതുവരെ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നേരത്തെ പുറത്തുപോയ പല മത്സരാര്‍ഥികള്‍ക്കും അനുവിനോട് വിരോധമുണ്ട്. ശൈത്യയും ബിന്‍സിയും അടക്കമുള്ളവര്‍ അകത്ത് കയറിയിട്ട് കൂട്ടമായി അറ്റാക്ക് നടത്തുകയാണ്. നീ പൈസ കൊടുത്തിട്ടാണ് നിന്നത് എന്ന് പറയുന്നു”, അഖില്‍ മാരാര്‍ പറയുന്നു.

“തങ്ങള്‍ക്ക് ഇന്നലെ വരെ പുറത്ത് ഉണ്ടായിരുന്ന പേരുദോഷം മാറാന്‍ അകത്ത് കയറി അതിലും വലിയ ദോഷവും ആക്ഷേപവും സ്വയം സൃഷ്ടിച്ച പമ്പരവിഡ്ഢികള്‍... അനുവിനെ ആവശ്യത്തിനും അനാവശ്യത്തിനും പോയി അറ്റാക്ക് ചെയ്തിട്ട് ഫിനാലെ വീക്കില്‍ അനുവിന് ഏറ്റവും വലിയ പ്രാധാന്യം ഉണ്ടാക്കിക്കൊടുക്കുകയും അതിലൂടെ കപ്പിലേക്ക് എത്താനുള്ള സാധ്യത അനുവിന് കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന ഈ വിഡ്ഢികളാണ് അനുവിന്‍റെ യഥാര്‍ഥ പിആറുകള്‍”, അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്