ഷാനവാസിനെ കൺഫഷൻ റൂമിലേക്ക് കൊണ്ടുപോകും വഴി അനുമോളെ ആര്യൻ അടിച്ചതും തർക്കത്തിന് വഴിവച്ചു. "ഷാനവാസിക്ക വീണ് കിടക്കുമ്പോഴും പറയുകയാണ് ഡ്രാമയാണെന്ന്. ഉളുപ്പില്ലാത്തവർ", എന്നാണ് നോറ ദേഷ്യത്തോടെ പറഞ്ഞത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് എൺപത്തി ഒന്ന് എപ്പിസോഡിൽ എത്തുമ്പോൾ വളരെ കലുക്ഷിതമായ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറിയിരിക്കുന്നത്. അടുക്കളയിൽ നിന്നും റോഷനായി ലഭിച്ച പാലും സാധനങ്ങളും നെവിൻ എടുത്ത് കൊണ്ടുപോകുകയും അത് ചോദ്യം ചെയ്യുകയും പിടിച്ച് വാങ്ങുകയും ചെയ്ത ഷാനവാസിനെ നെവിൻ അക്രമിക്കുകയും ചെയ്തു. വയ്യാതെ നിലത്ത് വീണ ഷാനവാസിന്റേത് ഓവർ ആക്ടിംഗ് എന്നായിരുന്നു അക്ബർ, നെവിൻ, ആര്യൻ എന്നിവർ പറഞ്ഞത്. ഇത് മറ്റുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തു.
ഷാനവാസിനെ കൺഫഷൻ റൂമിലേക്ക് കൊണ്ടുപോകും വഴി അനുമോളെ ആര്യൻ അടിച്ചതും തർക്കത്തിന് വഴിവച്ചു. "ഷാനവാസിക്ക വീണ് കിടക്കുമ്പോഴും പറയുകയാണ് ഡ്രാമയാണെന്ന്. ഉളുപ്പില്ലാത്തവർ", എന്നാണ് നോറ ദേഷ്യത്തോടെ പറഞ്ഞത്. "എനിക്ക് ഹെൽത്ത് ഇഷ്യൂ ഉണ്ട്. പക്ഷേ ഇമ്മാതിരി ഓവർ ആക്ടിംഗ് നടത്തില്ല", എന്നായിരുന്നു ആര്യന്റെ മറുപടി. സംസാരം ഉച്ചത്തിലായതിന് പിന്നാലെ നെവിന് ബിഗ് ബോസ് മുന്നറിയിപ്പും നൽകി.
"സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ലിത്. ഇത് ടിക്കറ്റ് ടു ഫിനാലെ വീക്കാണ്. ആരോഗ്യപരമായ സംവാദങ്ങളും വഴക്കുകളും തർക്കങ്ങളും എല്ലാം ആകാം. പക്ഷേ അതിര് വിടരുത്. ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ല. അതിനുള്ള വേദിയല്ലിത്. അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയും ഇവിടെ ഇനി മുന്നോട്ട് പോകില്ല. ഫിനാലേയും കാണില്ല. നെവിന് സംശയം വല്ലതും ഉണ്ടോ", എന്ന് ബിഗ് ബോസ് പറഞ്ഞു.
പിന്നാലെയാണ് കൂടുതൽ പരിശോധനകൾക്കായി ഷാനവാസിനെ താല്കാലികമായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ബിഗ് ബോസ് അറിയിച്ചത്. ഇക്കാര്യം ഹൗസിലും ബിഗ് ബോസ് അറിയിച്ചു. "ഷാനവാസിനെ വിശദമായി പരിശോധിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് ഇന്ന് തിരികെ വരില്ല" എന്ന് അറിയിച്ച ബിഗ് ബോസ് നെവിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. "ഷാനവാസ് തിരിച്ച് വന്ന ശേഷം കൂടുതൽ കാര്യങ്ങൾ വിശദമായി നെവിനുമായി സംസാരിക്കേണ്ടി വരും. ബാക്കിയെല്ലാം അപ്പോൾ പറയാമെ"ന്നും ബിഗ് ബോസ് പറഞ്ഞു.
"ഞാൻ ആരെയും മനപൂർവ്വം ഉപദ്രവിക്കുന്ന ആളല്ല. ചിലപ്പോൾ ഗെയിമിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യും. ഷാനവാസ് എനിക്കെതിരെ പറയുകയാണെങ്കിൽ പോകാൻ ഞാൻ തയ്യാറാണ്", എന്നായിരുന്നു പിന്നീട് നെവിൻ, അക്ബറിനോട് പറഞ്ഞത്.



