മൂന്ന് പേരാണ് ക്യാപ്റ്റന്‍സിക്കായി മത്സരിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ രണ്ടാം വാരത്തിലെ ക്യാപ്റ്റനെ തെര‍ഞ്ഞെടുത്തു. വീക്കിലി ടാസ്കിലെയും ആദ്യ വാരത്തില്‍ മൊത്തത്തിലുള്ളതുമായ പ്രകടനത്തെ മുന്‍നിര്‍ത്തി ഏറ്റവും മികച്ചവരെന്ന് തോന്നുന്ന രണ്ട് പേരെ വീതം ക്യാപ്റ്റന്‍സി ടാസ്കിലേക്ക് ഓരോരുത്തരും നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നോമിനേഷനുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മൂന്ന് പേരെ ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്കിനായി ക്ഷണിച്ചു.

ഷാനവാസ്, ബിന്നി എന്നിവര്‍ക്ക് 7 വോട്ടുകള്‍ വീതവും അഭിലാഷിന് 10 വോട്ടുമാണ് സഹമത്സരാര്‍ഥികള്‍ നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്ക് ആയി ബിഗ് ബോസ് നല്‍കിയത് പ്രയാസമുള്ള ഒന്നായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാറ്റ്‍ഫോമില്‍ നിന്ന് കണ്ണ് കെട്ടി കൈയില്‍ തന്നിരിക്കുന്ന വടി ഉപയോഗിച്ച് മുകളില്‍ തൂക്കിയിട്ടിരിക്കുന്ന സ്വന്തം രൂപത്തിലുള്ള ഫ്ലെക്സ് അടിച്ച് താഴെയിടുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള ടാസ്ക്. ബിന്നിയൊഴികെ മറ്റ് രണ്ടുപേരും ഇത് സാധിച്ചു. എന്നാല്‍ അഭിലാഷിനേക്കാള്‍ അല്‍പം മുന്‍പ് ലക്ഷ്യം സാധിച്ചത് ഷാനവാസ് ആയിരുന്നു. അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ രണ്ടാം വാരത്തിലെ ക്യാപ്റ്റനായി ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടു.

ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍ കോമണര്‍ ആയി എത്തിയ അനീഷ് ആയിരുന്നു. എന്നാല്‍ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ എത്തിയ ബിഗ് ബോസിന്‍റെ പ്രഖ്യാപനത്തിലൂടെയാണ് അനീഷ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ ഭൂരിഭാഗം മത്സരാര്‍ഥികള്‍ക്കും സ്വീകാര്യനായ ക്യാപ്റ്റന്‍ ആയിരുന്നില്ല അനീഷ്. സ്വീകാര്യനായിരുന്നില്ലെന്ന് മാത്രമല്ല, മിക്ക മത്സരാര്‍ഥികള്‍ക്കും അനീഷിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പരാതിയും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡില്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള വിലയിരുത്തല്‍ ഉണ്ടായേക്കും. മുന്‍ സീസണുകളിലൊക്കെ എല്ലാ വാരാന്ത്യവും ഉറപ്പായും ഉണ്ടാവുന്ന ഒന്നാണ് അത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News