ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ ഏറ്റവും പുതിയ എപ്പിസോഡില്‍ വൈകാരിക രംഗങ്ങള്‍. തങ്ങള്‍ക്ക് പ്രിയങ്കരരായ രണ്ട് മത്സരാര്‍ഥികള്‍ പുറത്താവുന്നു എന്ന ചിന്തയാണ് പലരുടെയും കണ്ണ് നനയിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. അഞ്ച് മത്സരാര്‍ഥികളായിരുന്നു ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സായ് വിഷ്‍ണു, സന്ധ്യ മനോജ്, റിതു മന്ത്ര, സജിന-ഫിറോസ്, അഡോണി എന്നിവര്‍. ഇതില്‍ സജിന-ഫിറോസ് അച്ചടക്കനടപടിയുടെ ഭാഗമായി പോയവാരം പുറത്തായിരുന്നു. ബാക്കിയുള്ള നാല് പേരോടും എണീറ്റു നില്‍ക്കാന്‍ ആവശ്യപ്പെട്ടശേഷമായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം.

 

ആദ്യം റിതുവും പിന്നെ സായ് വിഷ്‍ണുവും ഈ വാരം സേഫ് ആണെന്നും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ലിസ്റ്റില്‍ അവശേഷിച്ച സന്ധ്യ, അഡോണി എന്നിവരോട് പുറത്തേക്ക് വരാന്‍ പറഞ്ഞ മോഹന്‍ലാല്‍ പെട്ടെന്ന് ഒരു ബ്രേക്കിനും അനൗണ്‍സ് ചെയ്‍തിട്ട് പോവുകയായിരുന്നു. സാധാരണപോലെ സമയമെടുത്തായിരുന്നില്ല പ്രഖ്യാപനമെന്ന സംശയം പല മത്സരാര്‍ഥികള്‍ക്കും ഉണ്ടായിരുന്നെങ്കിലും അഡോണിക്കും സന്ധ്യയ്ക്കുമൊപ്പം മറ്റെല്ലാ മത്സരാര്‍ഥികളും ബിഗ് ബോസ് വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങി. എല്ലാവരും സംശയിച്ചു നില്‍ക്കവെ ബിഗ് ബോസിന്‍റെ പ്രഖ്യാപനം എത്തി. "നിങ്ങള്‍ക്ക് എന്താണ് സംശയം, മോഹന്‍ലാല്‍ നിങ്ങളെ കാത്തുനില്‍ക്കുന്നു" എന്നായിരുന്നു ബിഗ് ബോസിന്‍റെ വാക്കുകള്‍. ഇതോടെ ഇത് ശരിക്കുമുള്ള എലിമിനേഷന്‍ ആണെന്ന നിഗമനത്തിലേക്ക് അഡോണിയും സന്ധ്യയും മറ്റുള്ളവരും എത്തി.

 

എന്നാല്‍ ഈ രണ്ടു മത്സരാര്‍ഥികള്‍ക്ക് മറ്റുള്ള മത്സരാര്‍ഥികള്‍ക്കിടയിലുള്ള സ്വാധീനവും പ്രീതിയും എന്തെന്ന് വെളിവാക്കുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങള്‍. വൈകാരികതയോടെയാണ് മിക്കവരും ഇതിനോട് പ്രതികരിച്ചത്. റംസാന്‍, നോബി, ഡിംപല്‍ എന്നിവരൊക്കെ കരഞ്ഞു. മിക്കവരെയും ഹഗ് ചെയ്‍ത് തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗവും നടത്തി നില്‍ക്കുമ്പോള്‍ 'പുറത്തേക്കുള്ള പ്രധാന വാതില്‍ തുറക്കാനാവുന്നില്ല, താക്കോല്‍ കാണുന്നില്ല' എന്നൊക്കെ പറഞ്ഞുകൊണ്ട് ബിഗ് ബോസ് ശബ്ദസാന്നിധ്യമായി വീണ്ടും എത്തി. ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഒരു പ്രാങ്ക് ആയിരിക്കാമെന്ന ധാരണ വേഗത്തില്‍ മത്സരാര്‍ഥികള്‍ക്ക് ലഭിച്ചു. 

 

ഏറെ വൈകാതെ മുറ്റത്തിന്‍റെ ഒരു വശത്ത് സ്ഥാപിച്ച സ്ക്രീനില്‍ മോഹന്‍ലാല്‍ എത്തി. പുറത്തേക്ക് വരാനല്ലേ താന്‍ പറഞ്ഞുള്ളുവെന്നും അതിനെ എന്തിനാണ് എലിമിനേഷനാണെന്ന തരത്തില്‍ മനസിലാക്കിയതെന്നും ചിരി ഒളിപ്പിച്ച് മോഹന്‍ലാല്‍ ചോദിച്ചു. പ്രാങ്ക് ചെയ്യാന്‍ പോകുന്ന വിവരം പ്രേക്ഷകരോട് നേരത്തെ പറഞ്ഞതിനു ശേഷമായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യം മുതലേയുള്ള പ്രകടനം. നടന്നത് പ്രാങ്ക് മാത്രമായിരുന്നെന്ന തിരിച്ചറിവിനെ കൈയടികളോടെയാണ് മക്ക മത്സരാര്‍ഥികളും സ്വീകരിച്ചത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ മികച്ച പ്രകടനം നടത്താനാവട്ടെയെന്ന് ആശംസിച്ചാണ് മോഹന്‍ലാല്‍ ഇന്ന് മടങ്ങിയത്.