മണിക്കുട്ടനോടുളള പ്രണയത്തെ കുറിച്ച് സൂര്യയുടെ കഥാപ്രസംഗം.

ബിഗ് ബോസില്‍ ആദ്യത്തെ തവണ തന്നെ ഒരു പ്രണയവും തുടര്‍ന്ന് വിവാഹവും ശ്രദ്ധനേടിയിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ബിഗ് ബോസിലും പ്രണയ ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ ആദ്യം അഡോണിയും എയ്‍ഞ്ചലും തമ്മില്‍ പ്രണയമെന്ന തരത്തില്‍ മത്സരാര്‍ഥികളും അവരും തന്നെ ചര്‍ച്ച ചെയ്‍തിരുന്നു. തുടര്‍ന്ന് മണിക്കുട്ടനോട് തനിക്ക് ഇഷ്‍ടമാണെന്ന് സൂര്യയും മോഹൻലാലിനോട് തന്നെ വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച് മറ്റുള്ള മത്സരാര്‍ഥികള്‍ സൂര്യയെ കളിയാക്കാറുമുണ്ട്. എന്നാല്‍ ഇന്ന് ടാലന്റ് ഷോയില്‍ തനിക്ക് കിട്ടിയ അവസരത്തിലും സൂര്യ തനിക്ക് മണിക്കുട്ടനോടുള്ള സ്‍നേഹത്തെ കുറിച്ച് പരാമര്‍ശിച്ചു.

ക്യാപ്റ്റൻ ആയപ്പോള്‍ ഒരു തര്‍ക്കത്തിനിടെ സൂര്യ പറഞ്ഞ ഡയലോഗ് ആയിരുന്നു ഇത് എന്റെ വീടല്ല എന്നത്. അത് ഉദ്ദേശിച്ച് ബിഗ് ബോസ് ഇത് എന്റെ വീടല്ല എന്ന കഥാപ്രസംഗമായിരുന്നു സൂര്യ ചെയ്‍തത്. ബിഗ് ബോസിലെ ആള്‍ക്കാരെ കുറിച്ച് പറയുകയായിരുന്നു സൂര്യ. ഈ കഥയിലെ പ്രണയനായകൻ മണിക്കുട്ടൻ, അയാള്‍ക്കരികിലുള്ള ശാലീന സുന്ദരിയാണ് നമ്മുടെ കഥയിലെ നായിക സൂര്യയെന്നും അവര്‍ പറഞ്ഞു. മറ്റ് മത്സരാര്‍ഥികളെയും സൂര്യ കഥാപ്രസംഗത്തില്‍ പറഞ്ഞു. കടുത്ത ഇഷ്‍ടമാണ്, പ്രണയമാണ്, ആരാധനയാണ്, എന്നെങ്കിലും തന്റെ ഇഷ്‍ടത്തിന്റെ ആത്‍മാര്‍ഥത മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കഥാപ്രസംഗം ചെയ്‍തപ്പോള്‍ സൂര്യ പറഞ്ഞു.

ബിഗ് ബോസിലെ ആള്‍ക്കാരെ തന്നെ സൂര്യ കഥാപാത്രങ്ങളാക്കിയപ്പോള്‍ എല്ലാവരെയും ചിരിക്കുകയും ചെയ്‍തു.

സൂര്യയുടെ പ്രകടനം മനോഹരം എന്ന് പറഞ്ഞ മണിക്കുട്ടൻ അവരെ ആശ്ലേഷിക്കുകയും ചെയ്‍തു.