Asianet News MalayalamAsianet News Malayalam

'ഇവിടെ തുടരാന്‍ വയ്യ, പോകണം'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് സൂര്യ

പൊലീസ് യൂണിഫോമിലെത്തിയ തനിക്ക് പലരുടെ കൈയില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവമുണ്ടായി എന്ന് സൂര്യ പറഞ്ഞതിനോട് റിതുവും മണിക്കുട്ടനും അനൂപും ഒഴികെയുള്ളവര്‍ എതിര്‍പ്പോടെയാണ് സംസാരിച്ചത്.

surya broke down at bigg boss 3
Author
Thiruvananthapuram, First Published May 6, 2021, 11:52 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 82 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. 18 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന മൂന്നാം സീസണില്‍ ഒന്‍പത് പേര്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. മണിക്കുട്ടന്‍റെ താല്‍ക്കാലിക മാറിനില്‍ക്കലും അച്ഛന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഡിംപലിന്‍റെ പിന്മാറ്റവുമൊക്കെ ചേര്‍ന്ന് അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞ വാരമായിരുന്നു കഴിഞ്ഞയാഴ്ച. ശേഷം വീണ്ടും മത്സരാര്‍ഥികള്‍ ആക്റ്റീവ് ആയ ദിവസങ്ങളാണ് ഇക്കഴിഞ്ഞത്. മത്സരാര്‍ഥികള്‍ക്ക് ആക്റ്റീവ് ആവാന്‍ അവസരം നല്‍കുന്ന വീക്കിലി ടാസ്‍കുമായിരുന്നു ഇത്തവണത്തേത്.

'ഭാര്‍ഗ്ഗവീനിലയം' എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ വനാതിര്‍ത്തിയിലുള്ള ഒരു ബംഗ്ലാവില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസുകാരും കുറ്റവാളികളുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. മണിക്കുട്ടനും റംസാനും കുറ്റവാളികളായിരുന്ന ടാസ്‍കില്‍ റിതുവും സൂര്യയുമായിരുന്നു പൊലീസുകാര്‍. പൊലീസി യൂണിഫോമില്‍ വന്ന തങ്ങളെ ആരും ആ രീതിയില്‍ പരിഗണിക്കുന്നില്ല എന്ന് റിതുവും സൂര്യയും ടാസ്‍കിനിടെ പരസ്‍പരം പലതവണ പറഞ്ഞിരുന്നു. തൊപ്പി നേരെ വെക്കാന്‍ പറഞ്ഞത് സൂര്യയ്ക്കു വിഷമമായെന്ന് റംസാനെ മാറ്റിനിര്‍ത്തി റിതുവും പറഞ്ഞിരുന്നു. ടാസ്‍കിനു ശേഷം വൈകുന്നേരം നടന്ന ടീം മീറ്റിംഗില്‍ ഇതുസംബന്ധിച്ച പരാതികളൊക്കെ മത്സരാര്‍ഥികള്‍ക്ക് ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു. നിലവിലെ ക്യാപ്റ്റന്‍ അനൂപിന്‍റെ നേതൃത്വത്തിലായിരുന്നു മീറ്റിംഗ്.

surya broke down at bigg boss 3

 

പൊലീസ് യൂണിഫോമിലെത്തിയ തനിക്ക് പലരുടെ കൈയില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവമുണ്ടായി എന്ന് സൂര്യ പറഞ്ഞതിനോട് റിതുവും മണിക്കുട്ടനും അനൂപും ഒഴികെയുള്ളവര്‍ എതിര്‍പ്പോടെയാണ് സംസാരിച്ചത്. ഇത് ടാസ്‍ക് മാത്രമാണെന്നും താനടക്കമുള്ളവര്‍ പൊലീസിനെ എതിര്‍ത്തു എന്ന രീതിയിലായിരിക്കും ഇത് പുറത്ത് പോകുന്നതെന്നും പറഞ്ഞത് നോബി ആയിരുന്നു. രമ്യ, റംസാന്‍, സായ് എന്നിവരും എതിര്‍ത്തു സംസാരിച്ചതോടെ സൂര്യ മാപ്പു പറഞ്ഞ് അവിടുന്ന് എണീറ്റു. പിന്നീട് സ്മോക്കിംഗ് റൂമിലും ടോയ്‍ലറ്റിലും ബെഡ്‍റൂമിലും പോയി സൂര്യ കരയുന്നുണ്ടായിരുന്നു. ഇതിനിടെ പുറത്തെ ഒരു ക്യാമറയ്ക്ക് മുന്നില്‍ വന്ന് തനിക്കിനി ഇവിടെ നില്‍ക്കേണ്ടെന്നും സൂര്യ പറഞ്ഞു. 

"ഇവിടെ ഇനി തുടരാന്‍ വയ്യ ബിഗ് ബോസ്, എനിക്ക് പോകണം", സൂര്യ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ സഹമത്സരാര്‍ഥി ദീര്‍ഘനേരം കരയുന്നതു കണ്ട് ഫിറോസ്, റംസാന്‍, രമ്യ എന്നിവരൊക്കെ സൂര്യയെ ആശ്വസിപ്പിക്കാനെത്തി. അതിനിടെ റിതുവും മാറിയിരുന്ന് കരയുന്നുണ്ടായിരുന്നു. മണിക്കുട്ടനും അനൂപും റിതുവിനെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടായ ദിവസമായിരുന്നു ഇന്ന്. 

Follow Us:
Download App:
  • android
  • ios