ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 71-ാം എപ്പിസോഡില്‍ എത്തിയിരിക്കുകയാണ്. ഏറെ സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ വാരത്തിലെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാനും മത്സരാര്‍ഥികളില്‍ ചിലര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുമാണ് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ശ്രമിച്ചത്. അതിന്‍റേതായ മ്ലാനതയിലായിരുന്നു ഞായറാഴ്ച എപ്പിസോഡിന്‍റെ തുടക്കത്തില്‍ മത്സരാര്‍ഥികള്‍. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യം കാണികളോടും അവതാരകനായ മോഹന്‍ലാലിനോടും തുറന്നുപറഞ്ഞ ഒരു മത്സരാര്‍ഥിയെയും ഇന്ന് കണ്ടു. അത് സൂര്യ ആയിരുന്നു.

കഴിഞ്ഞ വീക്കിലി ടാസ്‍ക് ആയ 'നാട്ടുകൂട്ട'ത്തില്‍ പങ്കെടുക്കവെ എതിര്‍ ടീമില്‍ ആയിരുന്ന നോബിയെ പ്രകോപിപ്പിക്കാന്‍ ഒരു ആരോപണം മണിക്കുട്ടന്‍ ഉയര്‍ത്തിയിരുന്നു. ബിഗ് ബോസിലേക്ക് എത്തുന്നതിനു മുന്‍പ് സൂര്യയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അയാളുടെ പേര് ഒരു ചെരിപ്പിന്‍റെ പുറത്ത് എഴുതി തന്നെ കാട്ടിയിട്ടുണ്ടെന്നുമായിരുന്നു മണിക്കുട്ടന്‍റെ ആരോപണം. സൂര്യ ഒരു 'പ്രേമരോഗി' ആണെന്നും നോബി തന്നോട് പറഞ്ഞിരുന്നെന്നും മണിക്കുട്ടന്‍ ആരോപിച്ചു. എന്നാല്‍ പൊളി ഫിറോസ് തന്നോട് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു നോബിയുടെ മറുപടി.

ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന കാര്യം അവതരിപ്പിക്കാന്‍ ഇന്ന് സൂര്യയ്ക്ക് കഴിഞ്ഞു. 'ഞാന്‍ ഒരു പ്രേമരോഗിയല്ല', പ്രത്യേകിച്ച് ആരുടെയും പേര് വെളിപ്പെടുത്താതെ സൂര്യ പറഞ്ഞു. "ഒരു സ്ട്രാറ്റജിക്കു വേണ്ടിയല്ല ഞാന്‍ ഒരു കാര്യങ്ങളും ചെയ്തത്. എന്‍റെ അച്ഛനും അമ്മയുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോ ആണ്. ഒരിക്കലും ഞാന്‍ പുറത്ത് ഒരു അഫയര്‍ ഉണ്ടായിരിക്കെ, ഇവിടെ വന്ന് ഒരു പ്രണയം സെറ്റ് ചെയ്തതല്ല", സൂര്യ പറഞ്ഞു.

 

പിന്നീട് മണിക്കുട്ടനും ഈ വിഷയത്തില്‍ പ്രതികരിച്ചു. "ഇത് കുറേ മുന്‍പേ കേട്ടതാണ് (പ്രേമരോഗി എന്ന് നോബി പറഞ്ഞത്). പക്ഷേ സൂര്യയുമായി യാതൊരുവിധ ചര്‍ച്ചയും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. സൂര്യ ഇതുവരെ എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍, എനിക്കു തന്ന സമ്മാനങ്ങള്‍.. ഇതൊന്നും ഇവര്‍ക്ക് (മറ്റു മത്സരാര്‍ഥികള്‍ക്ക്) അറിയില്ല. സാര്‍ അത് കണ്ടിട്ടുണ്ട്, ബിഗ് ബോസും കണ്ടിട്ടുണ്ട്. അതിനെ വളരെ പ്രെഷ്യസ് ആയിട്ട് കൊണ്ടുപോകുന്ന ഒരാളാണ്. എപ്പോഴും സൂര്യയോട് ഞാന്‍ പറഞ്ഞിട്ടുള്ളത് നമ്മുടെ ഫ്രണ്ട്ഷിപ്പ് അവിടെ നില്‍ക്കട്ടെ, ഒരു മത്സരാര്‍ഥി എന്ന നിലയില്‍ മുന്നോട്ടുപോകൂ എന്നാണ്. അതിന് സൂര്യയ്ക്ക് കഴിയുമെന്നും", മണിക്കുട്ടന്‍ മോഹന്‍ലാലിനോട് പറഞ്ഞു.

വീക്കിലി ടാസ്‍കില്‍ മണിക്കുട്ടന്‍ ഗെയിമിനുവേണ്ടി സൂര്യയുടെ അടുപ്പത്തെ ഉപയോഗിക്കുകയാണെന്ന് കിടിലം ഫിറോസ് ആരോപിച്ചിരുന്നു. മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അത് ആരോപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഫിറോസും പറഞ്ഞു. മണിക്കും സൂര്യയ്ക്കും ഇടയില്‍ എന്താണെന്ന് തങ്ങള്‍ പലരും പലപ്പോഴും ചോദിച്ചപ്പോള്‍ മുന്നോട്ട് പോകട്ടെ എന്ന മട്ടിലാണ് മണിക്കുട്ടന്‍ പ്രതികരിച്ചിട്ടുള്ളതെന്ന് ഫിറോസ് പറഞ്ഞു. ഒരിക്കല്‍ സൂര്യ പറഞ്ഞിട്ടാണ് താന്‍ അത് മണിയോട് ചോദിച്ചതെന്നും. എന്നാല്‍ ടാസ്‍കിന്‍റെ രണ്ടാംദിവസം കാര്യം വിചാരിച്ചതിനേക്കാള്‍ രൂക്ഷമായേക്കുമെന്ന് തോന്നിയതിനാല്‍ ഈ വിഷയം ഇനി ചര്‍ച്ചയാക്കരുതെന്ന് സൂര്യ പറഞ്ഞതിനു ശേഷം താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. 

തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് സൂര്യ വീണ്ടും പറഞ്ഞു. മണിക്കുട്ടന്‍ ഒരു കുറ്റവും ചെയ്‍തിട്ടില്ല എന്നായിരുന്നു സൂര്യയുടെ പ്രസ്താവന- "മണിക്കുട്ടന്‍ എന്നെ ഒരിക്കലും ചതിച്ചിട്ടില്ല. മണിക്കുട്ടന്‍ ഒരു സുഹൃത്ത് എന്ന രീതിയില്‍ തന്നെയാണ് മുന്നോട്ട് പോയിരിക്കുന്നത്. മണിക്കുട്ടന്‍ എന്നെ ഉപയോഗിച്ച് ഗെയിം കളിക്കാന്‍ ശ്രമിച്ചിട്ടില്ല. ചതിച്ചിട്ടില്ല", സൂര്യ പറഞ്ഞുനിര്‍ത്തി.