ടാസ്കിൽ ഒന്നാമതെത്തിയ രാഹുൽ ഈശ്വറിന് പുറത്തുപോയ ഒരു മത്സരാർത്ഥിയെ തിരികെ കൊണ്ടുവരാനുള്ള അവസരം ലഭിച്ചു
ഒരു മാസം കൊണ്ടു തന്നെ അതിനേക്കാള്‍ എത്രയോ ആഴ്ചകള്‍ അധികം മുന്നോട്ട് പോയതുപോലെ തോന്നിപ്പിക്കുന്ന സീസണാണ് ബിഗ് ബോസില്‍ ഇത്തവണത്തെ സീസണ്‍. അത്രയും കഠിനമാണ് മത്സരാര്‍ഥികളെ സംബന്ധിച്ചിടത്തോളം സീസണ്‍ 8. കാണികളെ സംബന്ധിച്ച് അത്രയും ആവേശം കൂടുതല്‍ പകരുന്ന ഒന്നും. ഓരോ ദിവസം ചെല്ലുന്തോറും ഷോ കൂടുതല്‍ ഹരം പിടിപ്പിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റവും പുതിയ വീക്കിലി ടാസ്ക് അവസാനിച്ചതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി വീക്ക് സമ്മാനത്തിന് അര്‍ഹനായ മത്സരാര്‍ഥിയെയും തിരഞ്ഞെടുത്തു. മത്സരാര്‍ഥികള്‍ ചേര്‍ന്നാണ് വീക്കിലി ടാസ്കില്‍ തങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ആളെ തിരഞ്ഞെടുത്തത്.
താഷിക്കാണ് ആ സ്ഥാനം ലഭിച്ചത്. പ്ലെയര്‍ ഓഫ് ദി വീക്കിന് സാധാരണ ലഭിക്കാറുള്ള റീഗല്‍ ജ്വല്ലേഴ്സിന്‍റെ സുവര്‍ണ സമ്മാനവും ഇതിലൂടെ താഷിക്ക് ലഭിച്ചു. പല കാരണങ്ങളാല്‍ ഈ സീസണിലെ ഏറ്റവും രസകരവും ആവേശകരവുമായ വീക്ക്ലി ടാസ്ക് ആയിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. ഇടവേളകളില്‍ ബസറുകള്‍ക്കിടയിലുള്ള സമയത്ത് ബിഗ് ബോസ് എറിഞ്ഞുനല്‍കുന്ന മിഠായികള്‍ സ്വന്തമാക്കി സൂക്ഷിക്കുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്ക് മുന്‍പിലുള്ള ടാസ്ക്. മത്സരത്തിന്‍റെ അവസാനം ഇതിലൂടെ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി ഒന്നാമതെത്തുന്നയാള്‍ക്ക് രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാമെന്നും ബിഗ് ബോസ് മുന്‍കൂട്ടി അറിയിച്ചിരുന്നു.
സ്വന്തമായി നോമിനേഷന്‍ ഫ്രീ ആവാന്‍ സാധിക്കും എന്നതായിരുന്നു ആദ്യത്തെ ഓപ്ഷന്‍. എവിക്ഷനിലൂടെ ഇതിനകം പുറത്തുപോയ ഏതെങ്കിലുമൊരു മത്സരാര്‍ഥിയെ തിരികെ കൊണ്ടുവരാം എന്നതായിരുന്നു രണ്ടാമത്തെ ഓപ്ഷന്‍. ഇത് വ്യക്തിപരമായ മത്സമാണെന്നും ഗ്രൂപ്പ് കളിക്കരുതെന്നും ബിഗ് ബോസ് ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ ഭൂരിഭാഗം മത്സരാര്‍ഥികളും ഗ്രൂപ്പ് ആയി കളിക്കാനാണ് ആദ്യം മുതലേ പ്ലാന്‍ ചെയ്തതും കളിച്ചതും. രാഹുല്‍ ഈശ്വര്‍ ആണ് ഗ്രൂപ്പിന്‍റെ നേതാവായി പ്രവര്‍ത്തിച്ചത്. ഒടുവില്‍ മത്സരഫലം വന്നപ്പോള്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയതും രാഹുല്‍ ഈശ്വര്‍ ആയിരുന്നു. പുറത്തുപോയ മത്സരാര്‍ഥികളില്‍ ആരെ കൊണ്ടുവരണമെന്ന ചര്‍ച്ചയും നടന്നിരുന്നു. ഇത് പ്രകാരം കൂടുതല്‍ പേര്‍ പറഞ്ഞ പേര് രാകേഷിന്‍റേത് ആയിരുന്നു. രാകേഷ് ഹൗസിലേക്ക് തിരികെ എത്തുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

