ബിഗ് ബോസ് മലയാളം സീസൺ 7-ൽ ഏറെ കാത്തിരുന്ന വിഭാഗം മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ബിഗ് ബോസിലെ ഓരോ സീസണും അതിന്‍റെ അന്തിമപാദത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍. ബിഗ് ബോസ് നല്‍കുന്ന ഒരു കൂട്ടം ടാസ്കുകളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിയെ കാത്തിരിക്കുന്നത് ഫൈനല്‍ ഫൈവിലെ ഒരു സ്ഥാനമാണ്. സീസണില്‍ ഇനി ഫൈനല്‍ 5 വരെ വോട്ടിംഗ് തേടേണ്ടതില്ലാത്ത അവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്. സീസണ്‍ 7 ലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവില്‍ പത്ത് മത്സരാര്‍ഥികളാണ് ഹൌസില്‍ നിലവില്‍ ഉള്ളത്. ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍, നെവിന്‍, ഷാനവാസ്, അനുമോള്‍, സാബുമാന്‍, ആദില, അനീഷ് എന്നിവരാണ് അവര്‍. എന്നാല്‍ ഇതില്‍ നിന്ന് ഒരാള്‍ ഇന്ന് പുറത്താവും. ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍, നെവിന്‍, ഷാനവാസ് എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് 4 പേര്‍ സേഫ് ആയതായി ഏഷ്യാനെറ്റ് രാവിലെ പുറത്തുവിട്ട പ്രൊമോയില്‍ അറിയിച്ചിരുന്നു, അവശേഷിക്കുന്ന അക്ബര്‍, ലക്ഷ്മി എന്നിവരില്‍ നിന്നാണ് ഒരാള്‍ ഇന്ന് പുറത്താവുക. ഈ സീസണിലെ ഏറ്റവും നാടകീയത നിറഞ്ഞ എവിക്ഷനും ആയിരിക്കും ഇന്നത്തേത്.
19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണിലേക്ക് പിന്നീട് അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയിരുന്നു. പ്രവചിക്കാന്‍ പറ്റാത്ത വോട്ടിംഗ് പാറ്റേണ്‍ ആയിരുന്നു സീസണ്‍ 7 ന്‍റെ പ്രത്യേകത. ഔട്ട് ആവില്ലെന്ന് പ്രതീക്ഷിച്ചിരുന്ന മികച്ച പല ഗെയിമര്‍മാരും ഇതിനകം പുറത്തായപ്പോള്‍ അല്ലാത്ത പലരും ഇപ്പോഴും ഹൌസില്‍ ഉണ്ട് എന്നതാണ് കൌതുകം. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ ബിഗ് ബോസ് ആരംഭിച്ച ഏഴാം സീസണില്‍ പക്ഷേ വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഒരു മത്സരാര്‍ഥി ഇതുവരെ ഉണ്ടായിട്ടില്ല. ബിഗ് ബോസ് മലയാളത്തിന്‍റെ കഴിഞ്ഞ എല്ലാ സീസണുകളിലും ഈ സമയമൊക്കെ ആവുമ്പോഴേക്ക് ജനപ്രീതിയില്‍ ബഹുദൂരം മുന്നിലെത്തുന്ന ഒരു മത്സരാര്‍ഥി ഉണ്ടാവുമായിരുന്നു. സാബുമോനും അഖില്‍ മാരാരും റോബിന്‍ രാധാകൃഷ്ണനും മണിക്കുട്ടനും രജിത് കുമാറുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ ഈ സീസണില്‍ ജനപ്രീതിയില്‍ മറ്റുള്ളവരേക്കാള്‍ അത്രയും മുന്നില്‍ നില്‍ക്കുന്ന ഒരു മത്സരാര്‍ഥി ഉണ്ടായിട്ടില്ല.

