ബിഗ് ബോസ് വീട്ടില്‍ ഒനീലിനെതിരെ ലക്ഷ്മി ഉന്നയിച്ച ആരോപണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് പുതിയ വിവാദം. ലക്ഷ്മിയുടെ ആരോപണം ഒനീല്‍ നിഷേധിക്കുകയും മറ്റ് മത്സരാര്‍ഥികള്‍ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

സദാ ജാഗരൂകരായി ഇരിക്കേണ്ടുന്ന സ്ഥലമാണ് ഒരു മത്സരാര്‍ഥിയെ സംബന്ധിച്ച് ബിഗ് ബോസ് വീട്. എവിടെ, എപ്പോഴാണ് ഒരു പ്രശ്നം ഉണ്ടാവുക എന്നത് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. തന്‍റെ ഭാഗം കൃത്യമായി അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഹൗസിലെ മുന്നോട്ടുപോക്കിനെ മാത്രമല്ല, ഒരുപക്ഷേ വ്യക്തിജീവിതത്തെ പോലും ദോഷകരമായി ബാധിച്ചേക്കാം. ബിഗ് ബോസ് മത്സരാര്‍ഥിയായ ഒനീല്‍ സാബുവിനെതിരെ സഹമത്സരാര്‍ഥിയായ ലക്ഷ്മി ഇന്നലെ ഉയര്‍ത്തിയത് ഗുരുതര സ്വഭാവമുള്ള ഒന്നായിരുന്നു. സഹമത്സരാര്‍ഥിയായ മസ്താനിയെ ഒനീല്‍ മോശമായി സ്പര്‍ശിച്ചു എന്നും അത് ബോധപൂര്‍വ്വമായിരുന്നു എന്നുമായിരുന്നു ലക്ഷ്മിയുടെ ആരോപണം.

എന്നാല്‍ തന്‍റെ ഭാഗം കൃത്യമായി അവതരിപ്പിക്കാന്‍ ഒനീലിന് സാധിച്ചു. ഒരു ടാസ്കിന്‍റെ ഫലപ്രഖ്യാപനവേളയില്‍ വിജയിച്ച ടീമംഗമായ താന്‍ ആഹ്ലാദം പ്രകടിപ്പിച്ച് നീങ്ങവെ ചുവട് തെറ്റാന്‍ പോയപ്പോള്‍ മസ്താനിയെ അറിയാതെ സ്പര്‍ശിച്ചതാണെന്നും അതിന് അപ്പോള്‍ത്തന്നെ താന്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും ഒനീല്‍ പറഞ്ഞു. ഒനീലിന് പിന്തുണയുമായി അപ്പോള്‍ത്തന്നെ പല മത്സരാര്‍ഥികളും എത്തുകയും ചെയ്തു. ഇന്നത്തെ ജയില്‍ നോമിനേഷനിലും വിഷയത്തില്‍ ലക്ഷ്മിയോടുള്ള തങ്ങളുടെ എതിര്‍പ്പ് മറ്റ് മത്സരാര്‍ഥികള്‍ കൃത്യമായി അവതരിപ്പിച്ചു. ഫലം ഒരു ജയില്‍ നോമിനേഷനില്‍ ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ടുകളില്‍ ഒന്നായ 14 വോട്ടുകളാണ് ലക്ഷ്മിക്ക് ലഭിച്ചത്.

മസ്താനി പോലും ലക്ഷ്മിക്ക് എതിരായാണ് വോട്ട് ചെയ്തത്. താന്‍ സ്വകാര്യമായി ഒനീലിനോട് സംസാരിക്കാന്‍ ഉദ്ദേശിച്ച കാര്യം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്ന് മസ്താനി നോമിനേഷന്‍ സമയത്ത് പറഞ്ഞു. അടുത്ത വാരാന്ത്യ എപ്പിസോഡ‍ില്‍ മോഹന്‍ലാലും ഈ വിഷയം ഒരുപക്ഷേ ചര്‍ച്ച ആക്കിയേക്കും. ജയില്‍ നോമിനേഷനില്‍ ജിസൈലിന് 8 വോട്ടുകളും ലഭിച്ചു. വാഷ് റൂം ടീമിന്‍റെ ക്യാപ്റ്റനായ ജിസൈല്‍ അവിടുത്തെ ജോലികളില്‍ ശ്രദ്ധിക്കാതെ പലപ്പോഴും അടുക്കളയില്‍ ആയിരുന്നുവെന്നാണ് പലരും ജിസൈലിനെ നോമിനേറ്റ് ചെയ്യാന്‍ കാരണമായി പറഞ്ഞത്. കൗതുകകരമായ പണിഷ്മെന്‍റ് ആണ് ഇരുവര്‍ക്കും ജയിലില്‍ ഇന്ന് ലഭിച്ചത്. കളിമണ്ണ് കൊണ്ട് മറ്റ് മത്സരാര്‍ഥികളുടെ രൂപങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു ടാസ്ക്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming