ബിഗ് ബോസ് ലൈഫിനെക്കുറിച്ചും സഹമത്സരാര്‍ഥികളുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും മനസ് തുറന്ന് ജിസൈല്‍
ബിഗ്ബോസ് മലയാളം സീസൺ 7 ലെ ശ്രദ്ധേയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഗിസേൽ തക്രാൾ. ഹിന്ദി ബിഗ് ബോസിൽനിന്നും നേടിയ അനുഭവസമ്പത്തുമായാണ് ഗിസേൽ തക്രാൾ മലയാളം ബിഗ് ബോസിലേക്കെത്തിയത്. ഞായറാഴ്ച ജിസേൽ ബിഗ്ബോസിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. പുറത്തായതിനു ശേഷം ജിസേൽ ഏഷ്യാനെറ്റിനു നൽകിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. ബിഗ്ബോസ് ഹൗസിനുള്ളിൽ തനിക്ക് ഏറ്റവും അടുപ്പമുള്ളത് ആര്യനോടായിരുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ജിസേൽ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ആദ്യത്തെ നാൽപതു ദിവസം താൻ നന്നായി ഗെയിം കളിച്ചിരുന്നുവെന്നും പിന്നീട് എന്തൊക്കെയോ തന്നെ പിന്നോട്ടു വലിച്ചെന്നും ജിസേൽ പറഞ്ഞു. ആര്യനോട് ഉണ്ടായിരുന്നത് പൊസസീവ്നെസ് ആയിരുന്നില്ല എന്നും പ്രൊട്ടക്ടീവ് ആയിരിക്കുകയാണ് താൻ ചെയ്തതെന്നും ജിസേൽ പ്രതികരിച്ചു. ലക്ഷ്മിയോട് ആര്യൻ സംസാരിച്ചപ്പോൾ ദേഷ്യപ്പെട്ടതിന് കാരണം ലക്ഷ്മി ഇറിറ്റേറ്റിംഗ് ആയതിനാലാണെന്നു പറഞ്ഞ ജിസേൽ ലക്ഷ്മിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അത്തരത്തിൽ പ്രതികരിക്കുകയില്ലായിരുന്നു എന്നും വ്യക്തമാക്കി.
''ലക്ഷ്മി ആര്യന്റെ മമ്മിയാകാൻ നോക്കി. ആര്യന്റെ കാര്യത്തിൽ കുറച്ച് പ്രൊട്ടക്ടീവ് ആയിരുന്നു. എന്നെ ഇറിറ്റേറ്റ് ചെയ്യാനാണ് ലക്ഷ്മി ശ്രമിച്ചത്. ഇതേ കാര്യം മറ്റാരെങ്കിലുമാണ് ചെയ്തിരുന്നതെങ്കിൽ എനിക്ക് ഒന്നും തോന്നുമായിരുന്നില്ല'', ജിസേൽ അഭിമുഖത്തിൽ പറഞ്ഞു. താൻ ഷാനവാസിനോട് സംസാരിക്കുന്നത് ആര്യനും ഇഷ്ടമായിരുന്നില്ല എന്നും ജിസേൽ കൂട്ടിച്ചേർത്തു.
പുതപ്പിനുള്ളിൽ വെച്ച് ആര്യനും താനും പ്രേത കഥകൾ പറയുകയായിരുന്നു എന്നും ജിസേൽ പറഞ്ഞു. ആര്യനുമായി ചേർത്ത് പുറത്തു പ്രചരിച്ച കാര്യങ്ങളിൽ അമ്മയ്ക്ക് വിഷമമായി എന്നു തോന്നിയതു കൊണ്ടാണ് അമ്മ വന്നതിനു ശേഷം ബെഡ് മാറിയതെന്നും ജിസേൽ അഭിമുഖത്തിൽ പറയുന്നുണ്ട്. മലയാളികളുടെ സ്വീകാര്യതയ്ക്ക് വേണ്ടിയാണ് താൻ ബിഗ് ബോസിലേക്ക് വന്നതെന്നും അതിന് സാധിച്ചെന്നും ജിസേൽ വ്യക്തമാക്കി.

