റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 5ന് ബിഗ് ബോസ് തമിഴ് തുടങ്ങും.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബിഗ് ബോസ് ഷോകൾ നടക്കുന്നുണ്ട്. നിലവിൽ മലയാളത്തിൽ ബിഗ് ബോസിന്റെ ഏഴാം സീസൺ നടക്കുകയാണ്. ഓഗസ്റ്റ് 3ന് ആയിരുന്നു മലയാളം ഷോ ആരംഭിച്ചത്. ഷോ നാലാം വാരത്തിലേക്ക് കടക്കുന്നതിനിടെ ബിഗ് ബോസ് തമിഴ് ആരംഭിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ അവതാരകനായ വിജയ് സേതുപതി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം പുതിയ ലോഗോയും ബിഗ് ബോസ് തമിഴ് ടീം പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 5ന് ബിഗ് ബോസ് തമിഴ് തുടങ്ങും. പുതിയ പ്രൊമോ പുറത്തുവന്നതിന് പിന്നാലെ കമൽഹാസനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സീസൺ 8 മുതലാണ് വിജയ് സേതുപതി തമിഴ് ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. കമൽഹാസനെക്കാളും വിജയ് സേതുപതി മികച്ച അവതാരകനായിരുന്നുവെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. സീസൺ8ന്റെ ആദ്യ എപ്പിസോഡിനു തന്നെ മികച്ച തുടക്കമാണ് വിജയ് സേതുപതിക്ക് ലഭിച്ചത്. മത്സരാര്‍ത്ഥികളോട് എല്ലാം തുറന്നടിച്ച് പറയുന്ന വിജെഎസ് ശൈലി ശരിക്കും വന്‍ ഹിറ്റായി.
പുതിയ സീസണിലും വിജയ് സേതുപതി തന്നെ അവതാരകനായിരിക്കും എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ തീരുമാനം എടുക്കാൻ പ്രധാന കാരണം ഒരോ എപ്പിസോഡിലും ബിഗ് ബോസ് തമിഴ് സീസണ്‍ 8ന് ലഭിച്ച റേറ്റിംഗുകളാണ്. ബിഗ് ബോസ് സീസണ്‍ 8 ഫിനാലെയ്ക്കും മികച്ച റേറ്റിംഗാണ് ലഭിച്ചത്. ഈ സീസണിന്റെ ഫിനാലെയ്ക്ക് മാത്രം 6.88 ടിആര്‍പി റേറ്റിംഗ് ലഭിച്ചു. കമൽ ഹാസൻ ഹോസ്റ്റ് ചെയ്ത ബിഗ് ബോസ് തമിഴ് സീസൺ 7 ഫിനാലയേക്കാൾ കൂടുതലാണ് ഇതെന്നാണ് വിവരം.



