ബിഗ് ബോസ് മലയാളം സീസണ്‍ 7 പതിനൊന്നാം വാരത്തിലൂടെ നീങ്ങുമ്പോള്‍ ഷാനവാസ് ഒരു ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. പോയവാരം ഗ്രാഫില്‍ വലിയ ഇടിവാണ് ഈ മത്സരാര്‍ഥിക്ക് സംഭവിച്ചത് 

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 11-ാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് കൂടി കൂട്ടി മൂന്ന് ആഴ്ചകള്‍ മാത്രമാണ് സീസണില്‍ അവശേഷിക്കുന്നത്. സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ അത് ഹൗസിലെ മത്സരാവേശം ഉയര്‍ത്തിയിട്ടുമുണ്ട്. ഗെയിമുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം വാക്കിലും പ്രവര്‍ത്തിയിലുമൊക്കെ മത്സരാര്‍ഥികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം മറ്റ് സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ വ്യക്തിപരമായി ഗെയിം കളിക്കുന്നതിനും. കഴിഞ്ഞ വാരത്തിലും വാരാന്ത്യ എപ്പിസോഡുകളിലും ഏറ്റവും നെഗറ്റീവ് ഉണ്ടായ ഷാനവാസ് ഇപ്പോള്‍ ഹൗസിലെ ഒരു ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോഴിതാ ഷാനവാസിനെക്കുറിച്ച് ലക്ഷ്മി നൂറയോട് പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്.

ഷാനവാസ് ഒരു മെയില്‍ ഷോവനിസ്റ്റ് ആണെന്ന് ആദിലയും നൂറയും ചര്‍ച്ച ചെയ്തതിനെ ഷാനവാസ് ചോദ്യം ചെയ്തിരുന്നു. അത് തനിക്ക് പുറത്ത് നെഗറ്റീവ് ഉണ്ടാക്കുമെന്നും പുറത്തിറങ്ങിയതിന് ശേഷം നിങ്ങള്‍ക്ക് അത് ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ഇവിടെവച്ച് പറഞ്ഞത് മോശമായിപ്പോയെന്നും ഷാനവാസ് ആദിലയോട് പ്രതികരിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ഷാനവാസിനോട് രൂക്ഷമായി പ്രതികരിക്കുന്ന അനീഷിനെയാണ് പ്രേക്ഷകര്‍ ആദ്യം കണ്ടത്. ആദിലയും നൂറയും തന്‍റെ പ്രിയപ്പെട്ടവരാണെന്ന് ഇത്രനാളും പറഞ്ഞ ഷാനവാസ് അവരെക്കുറിച്ച് ഇത്രനേരം തന്നോട് കുറ്റം പറയുകയായിരുന്നുവെന്നായിരുന്നു അനീഷിന്‍റെ ആരോപണം. ഷാനവാസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഷാനവാസിനെതിരെ ആദ്യം തിരിയുന്നത് താനായിരിക്കുമെന്ന് താന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതും അനീഷ് ഓര്‍മ്മിപ്പിച്ചു.

താന്‍ ഇനി ഷാനവാസിന്‍റെ മിത്രമല്ലെന്ന് അനീഷും ആ സൗഹൃദം താനും അവസാനിപ്പിച്ചുവെന്ന് ഷാനവാസും പറഞ്ഞു. ഈ സമയം ആദിലയും നൂറയും ലക്ഷ്മിയും ഇത് കേള്‍ക്കുന്നുണ്ടായിരുന്നു. ഷാനവാസിനോട് സംസാരിക്കാന്‍ ചെന്ന ആദില ഇന്‍ഡിവിജ്വല്‍ ഗെയിം കളിക്കേണ്ടതിന്‍റെ പ്രാധാന്യം ഷാനവാസിനോട് പറഞ്ഞു. പുറത്ത് നമുക്കൊക്കെ ഒരു ജീവിതമുണ്ടെന്നും ഇവിടെ ഗെയിമില്‍ ശ്രദ്ധിക്കാമെന്നും ആദില പറഞ്ഞു. തങ്ങളെ സഹമത്സരാര്‍ഥികളായി മാത്രം കണ്ട് നോമിനേറ്റഅ ചെയ്യേണ്ടിവരുമ്പോള്‍ നോമിനേറ്റ് ചെയ്യാമെന്നും അതിലൊന്നും പ്രശ്നം വിചാരിക്കേണ്ടെന്നും. നമ്മള്‍ മൂന്ന് പേര്‍ക്കും ഇടയിലുള്ള പ്രശ്നം അക്ബറിന് കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കരുതെന്നും ആദില പറയുന്നുണ്ടായിരുന്നു.

അതേസമയം അപ്പുറത്ത് ഇരുന്ന് സംസാരിച്ച ലക്ഷ്മി നൂറയോട് പറഞ്ഞത് ഷാനവാസ് എല്ലാം വൈകാരികമായി എടുക്കുന്ന ആള്‍ ആണെന്നായിരുന്നു. ഇങ്ങനെ ആണെങ്കില്‍ ഒരു കോമാളിയെപ്പോലെ ആയിത്തീരുന്നത് നമ്മള്‍ കാണേണ്ടിവരും, ഷാനവാസിനെക്കുറിച്ച് നൂറയോട് ലക്ഷ്മി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്