ബിഗ് ബോസ് മലയാളത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരുപോലെ ആകാംക്ഷയുണര്‍ത്തുന്ന എപ്പിസോഡുകള്‍ ആണ് വാരാന്ത്യത്തിലെ ശനി, ഞായര്‍ ദിനങ്ങള്‍. അവതാരകനായ മോഹന്‍ലാലിന്‍റെ നിറസാന്നിധ്യമാണ് ഈ എപ്പിസോഡുകളുടെ സവിശേഷത. ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചതിനു ശേഷം തങ്ങള്‍ പരസ്പരമല്ലാതെ ആശയവിനിമയം ചെയ്യുന്ന ഒരേയൊരാള്‍ ആണ് മത്സരാര്‍ഥികളെ സംബന്ധിച്ച് മോഹന്‍ലാല്‍. കഴിഞ്ഞ ഒരാഴ്ചത്തെ അവരുടെ പ്രകടനം വിലയിരുത്തി കൈയടികളും വിമര്‍ശനങ്ങളുമായി എത്തുന്ന മോഹന്‍ലാലിനായി പ്രേക്ഷകര്‍ക്കിടയിലും വലിയ കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ എത്താത്ത ഒരു വാരാന്ത്യമാണ് സീസണ്‍ 3ല്‍ ഇത്തവണ.

 

വെള്ളിയാഴ്ച എപ്പിസോഡില്‍ത്തന്നെ ഇക്കാര്യം ബിഗ് ബോസ് സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ പങ്കെടുക്കുന്ന എലിമിനേഷന്‍ എപ്പിസോഡുകള്‍ ഈ വാരാന്ത്യത്തില്‍ ഉണ്ടാവില്ലെന്നും മറിച്ച് വിഷു സ്പെഷല്‍ എപ്പിസോഡില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമായിരുന്നു അനൗണ്‍സ്‍മെന്‍റ്. ഇന്നത്തെ എപ്പിസോഡില്‍ എല്ലാവരും ഹാളില്‍ ഇരിക്കുമ്പോള്‍ ബിഗ് ബോസ് ഇക്കാര്യം വീണ്ടും വ്യക്തമാക്കി. "ചില പ്രത്യേക കാരണങ്ങളാല്‍ ഈയാഴ്ച ശ്രീ. മോഹന്‍ലാല്‍ വരുന്നതല്ല. അതുകൊണ്ട് സാധാരണ ദിവസം പോലെ ആയിരിക്കും ശനിയും ഞായറും കടന്നുപോവുക", ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റില്‍ മത്സരാര്‍ഥികളുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

അതേസമയം അഞ്ചു പേരാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. അഡോണി, സജിന-ഫിറോസ്, റിതു, സായ് വിഷ്‍ണു, സന്ധ്യ എന്നിവരാണ് അത്.