ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഭാഗമായി സാധാരണക്കാരായ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ 'അഗ്നിപരീക്ഷ' എന്ന പേരിൽ ഷോ ഉണ്ടാകും. ഇക്കാര്യം മോഹന്‍ലാല്‍ പ്രൊമോയില്‍ പറയുകയും ചെയ്തിരുന്നു. എന്താണ് അഗ്നിപരീക്ഷ എന്ന് നോക്കാം.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്‌സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്‌പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്‌യുവി കാറും കല്യാണിന് ലഭിച്ചു.
എന്താണ് ബിഗ് ബോസ് അഗ്നിപരീക്ഷ ?
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ്‍ ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ്‍ 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ്‍ ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്‍റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബിഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബിഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക.
15 എപ്പിസോഡിൽ എന്തൊക്കെ?
15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.



