ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന വേളയിൽ തന്നെ ആദ്യം ഉയർന്നു കേട്ട പേരുകളിൽ ഒന്നായിരുന്നു രേണു സുധിയുടേത്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിലായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന് ആരംഭം കുറിച്ചത്. ഇരുപത് വ്യക്തികളും 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ അതിന്റെ ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഈ ഒരാഴ്ച കൊണ്ടു തന്നെ പലരും തങ്ങളുടെ മത്സരങ്ങളും സ്ട്രാറ്റജികളും പുറത്തെടുത്തു കഴിഞ്ഞു. ചിലരാകാട്ടെ ഇപ്പോഴും പമ്മി ഇരിപ്പുണ്ട്. വരും ആഴ്ചകളിൽ‌ പമ്മി ഇരിക്കുന്നവരെല്ലാവരും തങ്ങളുടെ ഗെയിമുകൾ പുറത്തെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന വേളയിൽ തന്നെ ആദ്യം ഉയർന്നു കേട്ട പേരുകളിൽ ഒന്നായിരുന്നു രേണു സുധിയുടേത്. സമീപകാലത്ത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട രേണു ബിഗ് ബോസിൽ എത്തുമ്പോൾ എന്തായിരിക്കും എന്നറിയാൻ മലയാളികളും കാത്തിരുന്നു. ഒടുവിൽ‌ ഓഗസ്റ്റ് 3 ന് മോഹൻലാൽ ഒരു മത്സരാർത്ഥിയായി രേണുവിനെ വിളിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ആവേശം നിറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഒരുപക്ഷേ ഈ സീസണിൽ സോഷ്യൽ മീഡിയയിൽ ആദ്യം തന്നെ ശ്രദ്ധപിടിച്ചു പറ്റിയ മത്സരാർത്ഥി രേണു സുധി ആണെന്ന് നിസംശയം പറയാം. രേണു എന്താണ് എന്ന് മലയാളികൾക്ക് അറിയണമെന്നുണ്ട് എന്ന് പലരും കമന്റുകൾ ചെയ്തു. ഇക്കാര്യം ആദില അടക്കമുള്ളവർ ഷോയിൽ പറയുകയും ചെയ്തിരുന്നു.

ആദ്യ ദിവസങ്ങളിൽ ഷോയിൽ ആത്ര കണ്ട് ശോഭിക്കാനായില്ലെങ്കിലും പിന്നീട് രേണുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടിൽ ഉയർന്നു കേട്ടു. പാട്ട് പാടിയും കുശലം പറഞ്ഞും രേണു മറ്റ് മത്സരാർത്ഥികൾക്കൊപ്പം കൂടി. രേണുവിന് ഷോയിൽ വലിയൊരു ബ്രേക്ക് നൽകിയത് 'ഓമനപ്പേര്' എന്ന ടാസ്ക് ആയിരുന്നു. അക്ബർ ഖാൻ, രേണുവിനെ 'സെപ്റ്റിക് ടാങ്ക്' എന്ന് വിളിച്ചത് ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്തുണയേറി. ഇത് അത്യാവശ്യം നല്ല രീതിയിൽ തന്നെ രേണു മുതലാക്കി എന്ന് പറയേണ്ടതില്ലല്ലോ. വുമൺ കാർഡ് അടക്കമുള്ള കാര്യങ്ങൾ അവരിറക്കി. ഓമനപ്പേര് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ആയിരുന്നു, കോമണറായ അനീഷുമായുള്ള രേണുവിന്റെ തർക്കം. എല്ലാവരെയും സംസാരം കൊണ്ട് തറപറ്റിക്കുന്ന അനീഷിന് പക്ഷേ രേണുവിനോട് മുട്ടിനിൽക്കാനായില്ല. രേണുവിനോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ തയ്യാറാകാതെ അനീഷ് മാറി മാറി പോയത് തന്നെ അതിന് ഉദാഹരണം ആയിരുന്നു. എതിരെ ആര് വന്നാലും അവരുടെ കൊമ്പൊടിച്ചേ രേണു വിടുള്ളൂ എന്നത് ഇതിൽ നിന്നു തന്നെ വ്യക്തമായിട്ടുണ്ട്. ഷോയിൽ മുന്നോട്ട് പോകാനുള്ള എല്ലാ ഹിന്റും കിട്ടി നിൽക്കുന്നതിനിടെയാണ് വോട്ട് അപേക്ഷിച്ച് കൊണ്ടുള്ള രേണുവിന്റെ വീഡിയോ പുറത്തു വന്നത്. ഷോയിൽ നിൽക്കുന്നയാൾക്ക് എങ്ങനെ ഇതിന് സാധിക്കും എന്നെല്ലാം ചോദ്യം വന്നു.

ഈ ചോദ്യം കഴിഞ്ഞ ദിവസം മോഹൻലാൽ രേണുവിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇത് ശരിയായില്ലെന്ന് പറഞ്ഞ മോഹൻലാൽ, ആകാംക്ഷ നിറഞ്ഞ ഷോയാണിതെന്നും ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങൾ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണ് എന്നായിരുന്നു പറഞ്ഞത്. പിന്നാലെ രേണു സുധി ക്ഷമാപണം നടത്തുകയും ചെയ്തു. നിലവിൽ ഒരു ബന്ധുവിനു മേൽ ആരോപണങ്ങൾ കെട്ടി വച്ചിരിക്കുകയാണ് രേണു. ഇതെങ്ങനെ സോഷ്യൽ മീഡിയയിൽ രേണുവിനെ ബാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ഇത്തവണ ഷോയിൽ ഏറ്റവുംകൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് രേണു സുധി. അത് മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ ഇനിയുള്ള നീക്കങ്ങളും പ്രവർത്തികളും രേണുവിന് നിർണായകമാണ്. കാരണം മുന്നിലുള്ളത് ശക്തരായ, ബിഗ് ബോസ് ഷോ എന്തെന്ന് മനസിലാക്കി വന്ന മത്സരാർത്ഥികളാണ്. ഒരാഴ്ച കഴിഞ്ഞ സ്ഥിതിയ്ക്ക് ഇവരുടെ എല്ലാം നീക്കവും, രേണു അവയോട് എടുക്കുന്ന സമീപനവും എങ്ങനെയെന്നും നോക്കി കാണേണ്ടിയിരിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News