മോഡലും നടനും ക്രിക്കറ്റ് താരവുമാണ് ആര്യന്‍

ബിഗ്ബോസ് മലയാളം സീസൺ 7 ആരംഭിച്ചതിനു പിന്നാലെ പലരും തിരയുന്നൊരു മുഖവും പേരുമാണ് ആര്യൻ കതൂരിയ. നോർത്ത് ഇന്ത്യൻ ടച്ച് ഉള്ള പേരാണെങ്കിലും കൊച്ചി സ്വദേശിയാണ് മോഡലും നടനും ക്രിക്കറ്റ് താരവുമായ ആര്യൻ. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖം കൂടിയാണ് ആര്യന്റേത്. ഫാലിമി, 1983, വടക്കന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച ആര്യൻ ഇന്‍സ്റ്റഗ്രാമിലും വലിയ ഫോളോവേഴ്‌സ് ഉള്ള താരമാണ്. ബിഗ്ബോസ് മലയാളത്തിൽ മാറ്റുരയ്ക്കാനെത്തിയതോടെ, ജാങ്കോ സ്പേസ് ടിവിക്ക് ആര്യൻ മുൻപ് നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

ബിഗ്ബോസിൽ മൽസരിക്കാൻ ആഗ്രഹമുള്ളയാളാണ് താനെന്നും റിയലായി നിൽക്കാൻ പറ്റുമെന്നും ഈ അഭിമുഖത്തിൽ ആര്യൻ പറയുന്നുണ്ട്. ബിഗ്ബോസിൽ പോയാൽ ഏറ്റവുമധികം മിസ് ചെയ്യുക മാതാപിതാക്കളെയാകുമെന്നും ആര്യൻ പറഞ്ഞിരുന്നു. മാതാപിതാക്കളോടും സഹോദരനോടുമുള്ള അടുപ്പത്തെക്കുറിച്ചും ഇതേ അഭിമുഖത്തിൽ ആര്യൻ സംസാരിക്കുന്നുണ്ട്. ഒരു കാലത്ത് ക്രിക്കറ്റ് ആയിരുന്നു തന്റെ എല്ലാമെന്നും പരിക്കിനെത്തുടർന്ന് ഇപ്പോൾ കളിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും താരം പറഞ്ഞിരുന്നു.

''മാച്ചും പരിശീലനവുമൊക്കെ ഉള്ള ദിവസങ്ങളിൽ അമ്മ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കിത്തരുമായിരുന്നു. കൊവിഡ് സമയത്ത് ഞങ്ങൾ ഫിനാൻഷ്യലി ഡൗൺ ആയി. ആ സമയത്താണ് എനിക്ക് പരിക്ക് പറ്റുന്നതും. അമ്മ ആ വിഷമമൊന്നും എന്റെ അടുക്കൽ പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, എന്റെ ക്രിക്കറ്റ് ജേഴ്സി മടക്കി വെയ്ക്കുമ്പോൾ അമ്മയുടെ മുഖത്തെ വിഷമം എനിക്ക് കാണാമായിരുന്നു. എനിക്ക് പരിക്ക് പറ്റിയ സമയത്ത് എന്റെ മാതാപിതാക്കൾ നൽകിയ പിന്തുണ വളരെ വലുതാണ്. അവർ എന്നോട് എന്തു ചെയ്താലും, ദേഷ്യപ്പെട്ടാലോ തെറി വിളിച്ചാലോ ഒന്നും എനിക്ക് പ്രശ്നമല്ല. എന്റെ സുഹൃത്തുക്കൾക്കൊപ്പം ട്രിപ്പിന് പോയാൽ പോലും ഞാനവരെ മിസ് ചെയ്യും. അവരെപ്പോലെ തന്നെ പ്രിയപ്പെട്ടയാളാണ് എന്റെ ചേട്ടനും. ചേട്ടൻ‌ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്'', ആര്യൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News