ഇന്ന് എവിക്ഷൻ ഉറപ്പിച്ച് മോഹൻലാല്‍.

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് ശക്തരായ മത്സരാര്‍ഥികളെക്കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാര്‍ഥികളാണ് ഇത്തവണ ഷോയില്‍ ഉള്ളത് എന്നാണ് പരക്കേയുള്ള അഭിപ്രായം. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അതിന് അപവാദം എന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും ഇന്ന് എവിക്ഷൻ നടക്കുമെന്ന് ഉറപ്പായതായി ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നു.

നിലവില്‍ 19 മത്സരാര്‍ഥികളാണ് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. ബി​ഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിക്കുന്ന വിധി മോഹൻലാൽ എത്തുന്ന ഇന്നത്തെ എപ്പിസോ​ഡിൽ അറിയാനാകും. ഒരാളോട് തന്റെ അടുത്തേയ്‍ക്ക് വരാൻ ആവശ്യപ്പെടുന്ന മോഹൻലാലിനെ വീഡിയോയില്‍ കാണാം. ആരാണ് പുറത്തായത് എന്ന് അറിയാൻ ഇന്ന് ഒമ്പത് മണിക്കത്തെ ഷോ വരെ കാത്തിരിക്കണം.

എവിക്ഷനുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും ബുദ്ധിപൂർവ്വവും വിനിയോ​ഗിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.

"അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. കൂലി എന്ന് പറഞ്ഞാൽ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവ്വം വിനിയോ​ഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ​ഗെയിമും കളിച്ച് ബി​ഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലെ എൻ​ഗേജിം​ഗ് ആകൂ, എന്റർടെയ്‍നിം​ഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓർമവേണം. അപ്പോ സവാരി ​ഗിരി​ഗിരി", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക