ആദ്യ സീസണ്‍ വിജയിയായ സാബുമോന്‍റെ ഹൗസിലെ ഒരു ദിവസത്തെ സാന്നിധ്യം മത്സരാര്‍ഥികളില്‍ ഏറെ ആവേശമുണ്ടാക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ പത്താം വാരത്തിലൂടെ മുന്നേറുകയാണ്. ഷോ മുന്നേറുന്ന ഓരോ ആഴ്ചകളും ഓരോ ദിവസങ്ങളും വ്യത്യസ്തമായ ഉള്ളടക്കങ്ങളാണ് ബിഗ് ബോസ് ടീം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനോടുള്ള മത്സരാര്‍ഥികളുടെ പ്രതികരണങ്ങളും ഷോയെ രസകരമാക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ചലഞ്ചര്‍ ആയി എത്തിയ സീസണ്‍ 1 ടൈറ്റില്‍ വിന്നര്‍ സാബുമോന്‍ അബ്ദുസമദിന്‍റെ സാന്നിധ്യമാണ് ബിഗ് ബോസ് ഹൗസിലെ രസകരമാക്കിയത്. ഒരു ദിവസത്തോളമാണ് സാബുമോന്‍ ഹൗസില്‍ നിന്നത്. ഇന്നലെ ആര്യന് നല്‍കിയ സീക്രട്ട് ടാസ്കിനിടെയാണ് ബിഗ് ബോസ് സാബുമോനെ ഹൗസിലേക്ക് കയറ്റിവിട്ടത്.

തന്‍റെ വ്യക്തിപരമായ സവിശേഷതയോടെ മത്സരാര്‍ഥികളോട് ഇടപെട്ട സാബുവിന് രസകരമായ ചില ടാസ്കുകളും ബിഗ് ബോസ് നല്‍കിയിരുന്നു. ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി തന്നെ മത്സരാര്‍ഥികളോടുള്ള സാബുമോന്‍റെ സംസാരമായിരുന്നു. ബിഗ് ബോസ് വിജയി ആയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും ബിഗ് ബോസിലെ നേട്ടത്തെ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്തി എന്നുമൊക്കെയാണ് മത്സരാര്‍ഥികളോട് പങ്കുവെക്കാന്‍ ബിഗ് ബോസ് സാബുവിനോട് ആവശ്യപ്പെട്ടത്. അതിന് പിന്നാലെ മത്സരാര്‍ഥികളെ റോസ്റ്റ് ചെയ്യാനും അവര്‍ തിരിച്ച് പ്രതികരിക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു.

സാബുമോന്‍ സ്വാഭാവികമായ മികവോടെ ടാസ്ക് പൂര്‍ത്തിയാക്കി. എന്നാല്‍ സാബുമോന്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ പൊട്ടന്‍ഷ്യലും ഈ റോസ്റ്റിംഗില്‍ ഉപയോഗിച്ചിട്ടില്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു. ആര്യനും അക്ബറുമാണ് അക്കാര്യം പരസ്പരം പറഞ്ഞത്. ടാസ്ക് പൂര്‍ത്തിയാക്കിയതിന് ശേഷം സ്മോക്കിംഗ് ഏരിയയിലേക്ക് പോയ സാബുമോന്‍ സ്വയവും ഇക്കാര്യം സമ്മതിച്ചു. ബിഗ് ബോസിനോട് സാബു അതിന് ക്ഷമാപണവും നടത്തി. വിഷമമായിപ്പോവും അവര്‍ക്ക്. അതുകൊണ്ടാണ് ഞാന്‍ റോസ്റ്റിംഗ് പിടിക്കാതിരുന്നത്. ബിഗ് ബോസിനോട് സോറി. കാര്യം അത് കഷ്ടത്തരമായിപ്പോവും, അങ്ങനെ വലിച്ചുകീറാന്‍ നിന്നുകഴി‍ഞ്ഞാല്‍. എല്ലാ എണ്ണവും കൂടി ഓള്‍റെഡി മരണഭയത്തിലാണ് ഇരിക്കുന്നത്, സാബുവിന്‍റെ വാക്കുകള്‍.

ഏതായാലും സാബുവിനോടൊപ്പമുള്ള ഒരു ദിവസം മത്സരാര്‍ഥികളില്‍ മിക്കവരും ഏറെ ആസ്വദിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍. രണ്ട് ആഴ്ച താന്‍ ഇവിടെ ഉണ്ടാവുമെന്നാണ് സാബുമോന്‍ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് പോകാന്‍ സമയമായി എന്ന ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് മത്സരാര്‍ഥികളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയത്. എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് സാബുമോന്‍ തിരികെ പോയത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്