ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ വൈൽഡ് കാർഡ് ആയി എത്തിയ സുവർണ്ണ മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്വയം പുറത്തുപോയി

എപ്പോഴും എന്തും സംഭവിക്കാവുന്ന ഒരിടം. അതാണ് എക്കാലവും ബിഗ് ബോസ് ഹൗസ്. എട്ടാമത്തെ സീസണായ ഇത്തവണയും അത് അങ്ങനെ തന്നെ. അപ്രതീക്ഷിതത്വങ്ങള്‍ അല്‍പം കൂടിയാലേ ഉള്ളൂ ഇത്തവണ. അതില്‍ ഏറ്റവും ഒടുവിലത്തേത് ഒരു മത്സരാര്‍ഥിയുടെ സ്വയം പുറത്താവലാണ്. അതും വന്നതിന്‍റെ അടുത്ത ദിവസം തന്നെ. അതെ, പോയ വാരാന്ത്യത്തില്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സുവര്‍ണ്ണയാണ് ബിഗ് ബോസിനോട് ആവശ്യപ്പെട്ട് പുറത്തുപോയത്. മാനസിക കാരണങ്ങളാല്‍ തനിക്ക് ഇവിടെ തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും പുറത്തേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും സുവര്‍ണ പറഞ്ഞിരുന്നു. ഇന്നലെയാണ് സുവര്‍ണ ഈ ആവശ്യം ബിഗ് ബോസിനോട് ആദ്യമായി ഉന്നയിച്ചത്. വിശ്രമമെടുത്ത് നോക്കാനും ചിന്തിക്കാനും പിന്നീട് താന്‍ വിളിപ്പിക്കാമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

ഇന്നലെ ആരംഭിച്ച ആവേശകരമായ വീക്കിലി ടാസ്കില്‍ സുവര്‍ണ പങ്കെടുത്തിരുന്നില്ല, ഇന്ന് വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് സുവര്‍ണയെ വിളിപ്പിച്ചു. അതിന് മുന്‍പ് ഡോക്ടറെ കാണാനും സുവര്‍ണയ്ക്ക് ബിഗ് ബോസ് അവസരം നല്‍കിയിരുന്നു. അതിന് ശേഷവും പുറത്ത് പോകണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നതിനാല്‍ ആ തീരുമാനം എടുത്തോളാന്‍ സുവര്‍ണയോട് ബിഗ് ബോസ് പറയുകയായിരുന്നു. ഇത് പ്രകാരം കണ്‍ഫെഷന്‍ റൂമില്‍ നിന്നുതന്നെ സുവര്‍ണ ഹൗസിന് പുറത്തേക്ക് പോവുകയും ചെയ്തു. കണ്ണ് കെട്ടിയാണ് കണ്‍ഫെഷന്‍ റൂമില്‍ നിന്ന് സുവര്‍ണയെ ബിഗ് ബോസ് ടീം കൊണ്ടുപോയത്. വീക്കിലി ടാസ്കിന്‍റെ ആവേശത്തിലായിരുന്ന മറ്റ് മത്സരാര്‍ഥികളെ ലിവിംഗ് ഏരിയയിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് സുവര്‍ണ പോയ കാര്യം അറിയിച്ചത്. ആരോഗ്യ കാരണങ്ങളാലാണ് ഇതെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

അതേസമയം ഏറെ ആവേശകരമായ വീക്കിലി ടാസ്ക് പുരോഗമിക്കുകയാണ് ഹൗസില്‍ ഇപ്പോള്‍. ബിഗ് ബോസ് ബസറുകള്‍ക്കിടയില്‍ എറിഞ്ഞുകൊടുക്കുന്ന മിഠായികള്‍ ശേഖരിച്ച് സംരക്ഷിക്കുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. വ്യക്തിഗത മത്സരമാണെന്ന് ബിഗ് ബോസ് അറിയിച്ച മത്സരം പക്ഷേ ഭൂരിഭാഗം പേരും ഗ്രൂപ്പ് ആയാണ് കളിക്കുന്നത്. വിജയിയാവുന്ന ആള്‍ക്ക് ഒന്നുകില്‍ നോമിനേഷന്‍ മുക്തിയോ അതല്ലെങ്കില്‍ എവിക്റ്റ് ആയ ഒരാളെ തിരികെ കൊണ്ടുവരാനുള്ള അവസരമോ ഇതിലൂടെ ലഭിക്കും. ക്ലൈമാക്സില്‍ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming