ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്‍റെ മൂന്നാം സീസണും അങ്ങനെ തന്നെ. കഴിഞ്ഞ രണ്ടു സീസണുകളേക്കാള്‍ ഒട്ടേറെ പ്രത്യേകതകളുമായി ആരംഭിച്ച മൂന്നാം സീസണിന് വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തുടക്കമായത്. പ്രശസ്‍തരായ മത്സരാര്‍ഥികള്‍ കുറവായ സീസണ്‍ രസകരമാകുമോ എന്ന് തുടക്കത്തില്‍ സംശയിച്ചവര്‍ ഉണ്ടായിരുന്നെങ്കിലും ഷോ മുന്നോട്ടുപോകവെ ജനപ്രീതിയില്‍ മുന്നിലെത്തി. മുന്‍പ് പരിചയമില്ലാതിരുന്ന മത്സരാര്‍ഥികളൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. 83-ാം എപ്പിസോഡില്‍ എത്തിനില്‍ക്കുകയാണ് സീസണ്‍ 3. എന്നാല്‍ ഷോയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച് ഒരു സംശയം ഉന്നയിക്കുകയാണ് പ്രേക്ഷകരില്‍ പലരും. കൊവിഡ് സാഹചര്യത്തില്‍ ബിഗ് ബോസ് മുന്നോട്ടുപോകുമോ എന്നതാണ് അത്.

കഴിഞ്ഞ സീസണിനെപ്പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും വീണ്ടും ലോക്ക്ഡൗണ്‍ വരുകയാണ്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 കൊവിഡ് സാഹചര്യത്തില്‍ 75-ാം ദിവസം നിര്‍ത്തേണ്ടിവന്ന സാഹചര്യത്തിന്‍റെ ഓര്‍മ്മയില്‍ക്കൂടിയാണ് പ്രേക്ഷകര്‍ ഷോയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുന്ന തരത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഷൂട്ടിംഗ് നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു ആവശ്യവും ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ ബിഗ് ബോസ് ടീം ഇതുവരെ അതേക്കുറിച്ചിട്ട് ആലോചിച്ചിട്ടില്ലെന്നുമാണ് വിവരം. ഏഷ്യാനെറ്റിന്‍റെ തന്നെ ബിഗ് ബോസ് അനുബന്ധ പരിപാടിയായ ബിബി കഫെയിലെ അവതാരകരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു- "ഈ സമയത്ത് ഒരുപാട് പ്രേക്ഷകര്‍ ബിഗ് ബോസ് നിര്‍ത്തരുതെന്ന് അഭ്യര്‍ഥിക്കുന്നുണ്ട്. നിലവില്‍ ബിഗ് ബോസ് ഷോ നിര്‍ത്താന്‍ ഒരു പ്ലാന്‍ ഇല്ല. ഒരു കുഴപ്പവുമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ തീര്‍ച്ഛയായും പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും. ആസ് ഓഫ് നൗ ദി ഷോ വില്‍ ഗോ ഓണ്‍", ബിബി കഫെയില്‍ അവതാരകര്‍ പറഞ്ഞിരുന്നു. അതേസമയം അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് ബിഗ് ബോസില്‍ ഇന്ന്. നിലവില്‍ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona