കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളികള്‍ക്കു പരിചിതയായ നടി അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'ഹെലൻ' വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. ഇതിനു മുന്നോടിയായി കൗണ്ട് ഡൗണ്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 

 

ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്ന ട്രെയ്‌ലർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് നിർമ്മിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് നിർമ്മിക്കുന്ന രണ്ടാമത് ചിത്രമാണ് 'ഹെലൻ.' 2016ൽ പുറത്തെത്തിയ 'ആനന്ദ'മാണ് ആദ്യ ചിത്രം.

'ദി ചിക്കന്‍ ഹബ്ബ്' എന്ന റസ്റ്റോറന്റിലെ വെയ്ട്രസ് ആയാണ് ചിത്രത്തിൽ അന്ന ബെൻ എത്തുന്നത്. അന്നയെ കൂടാതെ ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍.

അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തിക്കുന്നത്.