സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം അവസാനിച്ചിരുന്നു
ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് (Jeethu Joseph)- മോഹന്‍ലാല്‍ (Mohanlal) ടീം ഒന്നിക്കുന്ന ചിത്രം എന്നതാണ് 12ത്ത് മാന്‍ (12th Man) എന്ന സിനിമയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യ വാരം അവസാനിച്ചിരുന്നു. ഡയറക്ട് ഒടിടി റിലീസ് (OTT Release) ലക്ഷ്യമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഏത് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുകയെന്ന് ഒദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. ഇപ്പോഴിതാ അതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും (Disney Plus Hotstar) ചിത്രം എത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. ലെറ്റ്സ് ഒടിടി എന്ന ഒടിടി ട്രാക്കിംഗ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറാട്ടിന് മുന്‍പുള്ള മോഹന്‍ലാല്‍ ചിത്രമായ, പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ ബ്രോ ഡാഡിയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്.
നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി 12ത്ത് മാനിനു ശേഷം പുറത്തത്താനിരിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍. ഒടിടിക്കു വേണ്ടി ചെയ്യുന്ന സിനിമകളെന്നാണ് ഈ ചിത്രങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതെങ്കിലും ഒടിടിയോ തിയറ്ററോ എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മരക്കാര്‍ പ്രൊമോഷന്‍ സമയത്ത് മോഹന്‍ലാല്‍ പറഞ്ഞത്.
അതേസമയം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ആറാട്ട്. ലോകമാകെ 2700 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള ഗ്രോസ് 17.80 കോടിയാണ്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ചിത്രം. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന.
