ഖാന്‍ ത്രയവും അക്ഷയ് കുമാറും മാത്രമല്ല, 13 താരങ്ങള്‍ ഉപേക്ഷിച്ചു! ബോളിവുഡിലെ ഓള്‍ടൈം ടിവി ഹിറ്റ് ഈ ചിത്രം
ഡബിള്‍ റോളില്‍ എത്താന്‍ ഒരു നായക നടനെയാണ് സംവിധായകന്‍ അന്വേഷിച്ചത്

മികച്ച സിനിമകളില്‍ അഭിനയിക്കുക എന്നത് ഏത് അഭിനേതാവിന്‍റെയും ആഗ്രഹമാണ്. എന്നാല്‍ നല്ല തിരക്കഥകള്‍ തേടിയെത്താന്‍ ഒരു ഭാഗ്യം വേണം. എന്നാല്‍ നല്ല പ്രോജക്റ്റുകള്‍ തേടിയെത്തുന്ന സമയത്തെല്ലാം അത് ഏറ്റെടുക്കാന്‍ താരങ്ങള്‍ക്ക് കഴിയണമെന്നില്ല. നേരത്തെ ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് ഡേറ്റ് ക്ലാഷും മറ്റ് കാരണങ്ങളുമൊക്കെ മൂലം ഏറെ ആഗ്രഹമുള്ള പ്രോജക്റ്റുകള്‍ പോലും താരങ്ങള്‍ക്ക് ഒഴിവാക്കേണ്ടിവരാറുണ്ട്. എന്നാല്‍ കഥ കേട്ട് ഇഷ്ടപ്പെടാതെയുള്ള ഒഴിവാക്കലാവും അതിലും കൂടുതല്‍. ഈ രണ്ട് തരത്തിലുള്ള ഒഴിവാക്കലുകളായാലും പിന്നീട് ആ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത അവ ഒഴിവാക്കിയവരെ നിരാശരാക്കാറുണ്ട്. അത്തരത്തിലൊരു ചിത്രത്തെക്കുറിച്ചാണ് താഴെ പറയുന്നത്.
മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലല്ല, മറിച്ച് ബോളിവുഡില്‍ നിന്നാണ് ഈ ചിത്രം. ഇ വി വി സത്യനാരായണയുടെ സംവിധാനത്തില്‍ 1999 ല്‍ പുറത്തെത്തിയ സൂര്യവന്‍ശം എന്ന ചിത്രമാണ് അത്. ഒന്നും രണ്ടുമല്ല, 13 മുന്‍നിര നായകതാരങ്ങളാണ് ചിത്രത്തിലെ നായകന്‍റെ ഇരട്ട വേഷങ്ങള്‍ ഒഴിവാക്കിയത്. താക്കൂര്‍ ഭാനു പ്രതാപ് സിംഗ്, ഹീര താക്കൂര്‍ എന്നിവയായിരുന്നു ആ ഡബിള്‍ റോളുകള്‍. സംവിധായകന്‍ ഇ വി വി സത്യനാരായണ ഈ ചിത്രത്തിനുവേണ്ടി സമീപിച്ചവരുടെ പേരുകള്‍ കേട്ടാല്‍ ഞെട്ടും! ഗോവിന്ദ, മിഥുന്‍ ചക്രവര്‍ത്തി, ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, സെയ്ഫ് അലി ഖാന്‍ എന്നിങ്ങനെയാണ് ആ പേരുകള്‍.
ഇതില്‍ ചിലര്‍ക്ക് തിരക്കഥയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് ഡേറ്റ് ക്ലാഷ് ആയിരുന്നു പ്രശ്നം. ഏതായാലും അവസാനം ചിത്രത്തിലെ ഡബിള്‍ റോള്‍ ചെയ്ത് കയ്യടി വാങ്ങിയത് ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനാണ്. 1999 മെയ് 21 ന് തിയറ്ററുകളിലെത്തിയ ചിത്രം പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ പിന്നീട് ടെലിവിഷനിലൂടെ പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി ഇത്. ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ടിട്ടുള്ള ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിമാറി സൂര്യവന്‍ശം. സോണി മാക്സ് ചാനലില്‍ ഇപ്പോഴും കൃത്യമായ ഇടവേളകളില്‍ ഈ ചിത്രം എത്താറുണ്ട്. 1997 ല്‍ പുറത്തെത്തിയ തമിഴ് ചിത്രം സൂര്യവംശത്തിന്‍റെ റീമേക്ക് ആയിരുന്നു ഈ ഹിന്ദി ചിത്രം. ശരത് കുമാര്‍ ആണ് തമിഴില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക