Asianet News MalayalamAsianet News Malayalam

ബിഗ് ബജറ്റ് പിരീഡ് ആക്ഷൻ ഡ്രാമയുമായി രാജമൗലിയുടെ ശിഷ്യൻ; '1770' വരുന്നു

ബങ്കിം ചന്ദ്ര ചതോപാധ്യായ്‍യുടെ വിഖ്യാത നോവൽ ആനന്ദമഠിന്‍റെ ചലച്ചിത്രരൂപം

1770 movie announced ashwin gangaraju v vijayendra prasad anandamath
Author
Thiruvananthapuram, First Published Aug 17, 2022, 6:18 PM IST

ബാഹുബലി ഫ്രാഞ്ചൈസിയും ആർആർആറും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ഇപ്പോഴിതാ ഒരു ബിഗ് ബജറ്റ് പിരീഡ് ആക്ഷൻ ഡ്രാമയുമായി എത്തുകയാണ് അദ്ദേഹത്തിൻറെ ശിഷ്യൻ അശ്വിൻ ഗംഗരാജു. ബങ്കിം ചന്ദ്ര ചതോപാധ്യായ്‍യുടെ വിഖ്യാത നോവൽ ആനന്ദമഠ് ആണ് അശ്വിൻ ചലച്ചിത്ര രൂപത്തിൽ ആക്കുന്നത്. രാജമൗലിയുടെ അച്ഛനും തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റാം കമൽ മുഖർജിയാണ് ചിത്രത്തിൻറെ ക്രിയേറ്റർ.

താൻ രചിച്ച ദേശഭക്തിഗാനം വന്ദേമാതരം ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യമായി ഉൾപ്പെടുത്തിയത് ആനന്ദമഠത്തിൽ ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനം നടന്ന സന്യാസി കലാപത്തിൻറെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണ് ആനന്ദമഠം. ബംഗാളി സാഹിത്യത്തിലെയും ഇന്ത്യൻ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാനകൃതിയായാണ് ഈ നോവൽ കണക്കാക്കപ്പെടുന്നത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്.

എസ് എസ് 1 എന്റർടെയ്ൻമെന്റ്, പി കെ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ ശൈലേന്ദ്ര കെ കുമാർ, സുജയ് കുട്ടി, കൃഷ്ണ കുമാർ ബി, സൂരജ് ശർമ്മ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തുക. ഈച്ച, ബാഹുബലി 1 എന്നീ ചിത്രങ്ങളിൽ രാജമൌലിയുടെ അസിസ്റ്റൻറും ബാഹുബലി 2ൻറെ അസോസിയേറ്റും ആയിരുന്നു അശ്വിൻ ഗംഗരാജു. 2021ൽ നിരൂപക പ്രശംസ നേടിയ ആകാശവാണിയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായും മാറിയിരുന്നു. 'ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു, എന്നാൽ  വി വിജയേന്ദ്ര പ്രസാദ് സാറിനെ പോലെ ഇതിഹാസ തുല്യനായ ഒരാൾ അനുയോജ്യമായ കഥയും തിരക്കഥയും എഴുതിയതിനാൽ, കടലാസിൽ തന്നെ ഞങ്ങൾക്ക് ലഭിച്ചത് ഒരു ബ്ലോക്ക്ബസ്റ്റർ സിനിമാറ്റിക് അനുഭവമാണെന്ന് ഞാൻ കരുതുന്നു,' എന്നാണ് ചിത്രത്തെക്കുറിച്ച് അശ്വിൻ പറഞ്ഞിരിക്കുന്നത്. ദസറയ്ക്ക് മുമ്പ് ചിത്രത്തിലെ പ്രധാന നായകനെ തീരുമാനിക്കും. വരുന്ന  ദീപാവലിയോടെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പിആര്‍ഒ ആതിര ദില്‍ജിത്ത്.

ALSO READ : തോക്കേന്തി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍'

Latest Videos
Follow Us:
Download App:
  • android
  • ios