നിത്യ മേനനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പുതുതലമുറ തമിഴ് നടന്മാരില്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി (VijaySethupathi). ഇപ്പോഴിതാ വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 19 1 എ ആണ് ആ ചിത്രം. 2020 നവംബറില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം എത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.

വിജയ് സേതുപതിക്കൊപ്പം നിത്യ മേനനാണ് (Nithya Menen) ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‍ത മാര്‍ക്കോണി മത്തായി ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ഇതില്‍ അതിഥിതാരമായാണ് വിജയ് സേതുപതി എത്തിയത്. 

ALSO READ : ചന്ദ്രമുഖി 2 ആരംഭിച്ചു, രജനിയുടെ അനുഗ്രഹം തേടി ലോറന്‍സ്