ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്‍ത ചിത്രമാണ് 1921. 

ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നൻ സിനിമയില്‍ നിന്ന് പിൻമാറിയിരുന്നു. സിനിമ പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വിവാദമായി മാറിയിരുന്നു. സിനിമ ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചതും വിവാദമായിരിക്കുകയാണ്. വാരിയൻകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സംവിധായകൻ ഒമര്‍ ലുലു ഇനി അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.

പതിനഞ്ച് കോടി രൂപയുണ്ടെങ്കില്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒമര്‍ ലുലു പറഞ്ഞത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരുമെന്നായിരുന്നു ഒമര്‍ ലുലു എഴുതിയത്. എന്നാല്‍ ഐ വി ശശി സംവിധാനം ചെയ്‍ത് '1921'വീണ്ടും കണ്ടപ്പോള്‍ ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ലെന്ന് വ്യക്തമായതായി ഒമര്‍ ലുലു എഴുതുന്നു. ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ്‌ കണ്ട് ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്‍തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്‍ക്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ, ദാമോദരൻ മാഷിന്റെ സ്‍ക്രിപ്റ്റിൽ ശശി സാർ സംവിധാനം ചെയ്‍ത '1921' കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു. കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല. ദാമോദരൻ മാഷും ശസി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ൽ പറഞ്ഞട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.


കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്‍ത എല്ലാവർക്കും, പോസ്റ്റ്‌ കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദിയെന്നും ഒമര്‍ ലുലു പറയുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ 2020 ജൂണില്‍ പ്രഖ്യാപനം നടന്നതാണ്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും വന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

 നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.