ബോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന ചിത്രങ്ങളില്‍ ഒന്ന്
ബോളിവുഡിലെ ഈ വര്‍ഷത്തെ പ്രധാന ചിത്രങ്ങളില്‍ ഒന്നിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ കുറച്ച് മുന്‍പാണ് പുറത്തെത്തിയത്. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ദർ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് നായകന്‍. ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ വീഡിയോ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയും ഉണര്‍ത്തുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയതിന് ശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് നായികയാണ്. സാറ അര്‍ജുന്‍ ആണ് ചിത്രത്തിലെ നായിക. ഈ പേര് കേട്ടാല്‍ മലയാളി സിനിമാപ്രേമികളില്‍ പലര്‍ക്കും ആളെ മനസിലാവില്ലെങ്കിലും ആന്‍മരിയ കലിപ്പിലാണ് എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ എന്തായാലും അവര്‍ മറക്കാന്‍ ഇടയില്ല.
അതെ ആന്‍മരിയ കലിപ്പിലാണിലെ ആന്‍മരിയയെ അവതരിപ്പിച്ച അതേ സാറ അര്‍ജുന്‍ ആണ് ആദിത്യ ധര്‍ ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന്‍റെ നായികയാവുന്നത്. ബാലതാരമെന്ന നിലയില്‍ പരസ്യങ്ങളിലൂടെത്തന്നെ ശ്രദ്ധ നേടിയിരുന്ന സാറ നിരവധി അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളില്‍ കുട്ടിക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. 404 എന്ന 2011 ഹിന്ദി ചിത്രത്തിലൂടെ ആറാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച സാറയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു വിക്രം നായകനായ തമിഴ് ചിത്രം ദൈവ തിരുമകള്‍. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇതിനകം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ധുരന്ദറിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നായികാനായകന്മാര്‍ക്കിടയിലെ പ്രായവ്യത്യാസവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. സാറ അര്‍ജുന്‍റെ പ്രായം 20 ആണെങ്കില്‍ രണ്‍വീര്‍ സിംഗിന്‍റെ പ്രായം 40 ആണ്.
മാസ് ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

