സുരേഷ് ഗോപിയുടെ 250-ാം ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം. നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള സുരേഷ് ഗോപിയുടെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഗെറ്റപ്പിനൊപ്പമാണ് ടോമിച്ചന്‍ ഈ വിവരം പുറത്തുവിട്ടത്. ചിത്രം കുടംബങ്ങള്‍ക്കും മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ രസനീയമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

"ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്‍റെ 250-ാം ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ അടുത്തതായി എത്തുന്ന ചിത്രം മാത്യൂസ് തോമസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, കുടുംബങ്ങള്‍ക്കും മാസ് പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന സിനിമയായിരിക്കും. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ നിരയും ചിത്രത്തിലുണ്ടാവും", എന്നാണ് ടോമിച്ചന്‍ മുളകുപാടത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

പുലിമുരുകന്‍ എന്ന, ബോക്സ് ഓഫീസില്‍ ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളസിനിമയുടെ നിര്‍മ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം. ദിലീപ് നായകനായ രാമലീല, പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ പിന്നീടെത്തിയ ചിത്രങ്ങള്‍. 

നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള ഗെറ്റപ്പ് തന്‍റെ 250-ാം ചിത്രത്തിനുവേണ്ടിയുള്ളതാണെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ആണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.