അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് യൂസഫ് ഷഹീൻ അറിയപ്പെടുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെയ്‌റോ സ്റ്റേഷന്‍ (1958), അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍(1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന്‍ 1950കള്‍ മുതല്‍ 2008ല്‍ 82ാം വയസ്സില്‍ മരിക്കുന്നതു വരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ഒമര്‍ ഷെരീഫ് എന്ന വിഖ്യാത നടന്റെ ചലച്ചിത്രപ്രവേശത്തിനും കരിയറിലെ വളര്‍ച്ചയ്ക്കും നിമിത്തമായ സംവിധായകനാണ് യൂസഫ് ഷഹീന്‍. കെയ്‌റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മികച്ച 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 12 ചിത്രങ്ങളും യൂസഫ് ഷഹീനിന്റേതായിരുന്നു. അദ്ദേഹത്തിന്റെ എട്ടു ചിത്രങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979ല്‍ അലക്‌സാന്‍ഡ്രിയ വൈ എന്ന ചിത്രത്തിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക