പന്ത്രണ്ടായിരത്തോളം പേര്‍ രണ്ട് മണിക്കൂറിനിടയില്‍ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. വളരെ രസകരമായ കമന്‍റുകള്‍ ചിത്രത്തിന് അടിയില്‍ വരുന്നുണ്ട്. 

കൊച്ചി: മധു സി. നാരായണൻ സംവിധാനം ചെയ്ത് 2019 ല്‍ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് മലയാളത്തിലെ വലിയ വിജയചിത്രം ആയിരുന്നു. ഇതിനപ്പുറം മലയാള സിനിമയ്ക്ക് സംസ്ഥാനത്തിന് പുറത്തും ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത ചിത്രമായിരുന്നു അത്. ഫെബ്രുവരി 7 2019നാണ് ചിത്രം റിലീസായത്. ചിത്രം ഇറങ്ങി നാലാം വാര്‍ഷികത്തില്‍ അതിന്‍റെ ഓര്‍മ്മ പുതുക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ഫഹദ് ഫാസില്‍. 

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, നസ്രിയ നസീം എന്നിവര്‍ക്കൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയാണ് ഫഹദ്. ചിത്രത്തിലെ ഫഹദിന്‍റെ ഷമ്മി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന കഥാപാത്രമാണ്. ചിത്രത്തിലെ ഷമ്മി കൊതുകിനെ കൊല്ലുന്ന ബാറ്റ് കത്തിക്കുന്ന ഒരു രംഗമാണ് ഫഹദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 

പന്ത്രണ്ടായിരത്തോളം പേര്‍ രണ്ട് മണിക്കൂറിനിടയില്‍ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. വളരെ രസകരമായ കമന്‍റുകള്‍ ചിത്രത്തിന് അടിയില്‍ വരുന്നുണ്ട്. അതില്‍ തന്നെ അജ്മിനൂർ ഓറിഷ് എന്ന ബംഗ്ലദേശ് സ്വദേശി എഴുതിയ കമന്‍റ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. 

"ഞാൻ ബംഗ്ലാദേശിയാണ്, എനിക്ക് മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. 3 വർഷം മുമ്പ് ഞാൻ ആമസോൺ പ്രൈമിൽ ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഈ സിനിമ കണ്ടു. കൂടാതെ അവസാന 20 മിനിറ്റ് അസാധാരണമായിരുന്നു. ഫഹദ് ഫാസിൽ സാർ, നിങ്ങളുടെ മനസ്സിൽ തട്ടുന്ന ഒരു പെർഫോമർ മാത്രമാണ്, ഈ സിനിമയിൽ നിങ്ങളുടെ ഭയം ഉണ്ടാക്കുന്ന പുഞ്ചിരിയും മനോരോഗ മനോഭാവവും കൊണ്ട് നിങ്ങൾ എന്നെ ശരിക്കും ഭയപ്പെടുത്തി, ബംഗ്ലാദേശിൽ നിന്നുള്ള സ്നേഹാശംസകള്‍" -അജ്മിനൂർ ഓറിഷിന്‍റെ കമന്‍റ് പറയുന്നു. 
.

ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആന്‍റണി, അന്നാ ബെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു. കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ജനപ്രീതിയില്‍ മുന്നിലാര്? മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്

മൊറോക്കോയില്‍ നിന്ന് ഫഹദിനൊപ്പം നസ്രിയ, ഫോട്ടോകള്‍ പങ്കുവെച്ച് താരം