99 രൂപ ഓഫറില്‍ എത്ര പേര്‍ സിനിമ കാണാനെത്തി? കണക്കുകള്‍ പുറത്തുവിട്ട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍
പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ് തുടങ്ങി പ്രധാന സിനിമാ ശൃംഖലകളൊക്കെ പങ്കെടുത്തു

മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ദേശീയ സിനിമാ ദിനത്തിന് രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണം. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളൊക്കെ പങ്കാളികളായ ദേശീയ സിനിമാ ദിനത്തില്‍ രാജ്യമൊട്ടാകെയുള്ള അവരുടെ തിയറ്ററുകളില്‍ ഇന്നലെ ടിക്കറ്റ് ഒന്നിന് 99 രൂപയാണ് ഈടാക്കിയത്. ഇപ്പോഴിതാ കാണികളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷന്‍.
പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, മുക്ത എ2, മൂവി ടൈം, വേവ്, എം2കെ, മൂവി മാക്സ്, രാജ്‍ഹന്‍സ്, എന്‍വൈ സിനിമാസ്, ഡിലൈറ്റ് തുടങ്ങി രാജ്യത്തെ പ്രമുഖ സിനിമാശൃംഖലകളൊക്കെ ഈ സിനിമാ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. 4000 ല്‍ അധികം സ്ക്രീനുകളാണ് പങ്കെടുത്തത്. ഇതിന്‍റെ ഭാഗമായി പുലര്‍ച്ചെ 6 മണി മുതല്‍ പല തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. ടിക്കറ്റ് നിരക്കിലെ കുറവ് പ്രേക്ഷകര്‍ ശരിക്കും ആഘോഷിച്ചതായാണ് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ കണക്ക്. 60 ലക്ഷത്തിലധികം ആളുകള്‍ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ വാങ്ങി എന്നാണ് ആദ്യ കണക്കുകള്‍. ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ സിനിമ കാണാനെത്തിയ രണ്ടാമത്തെ ദിവസവുമായിമാറി ഒക്ടോബര്‍ 13. ഇത് രണ്ടാം വട്ടമാണ് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വാരാന്ത്യ കളക്ഷന്‍ നേടിയത് ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളില്‍ ആയിരുന്നു. ജയിലര്‍, ഗദര്‍ 2, ഒഎംജി 2, ഭോലാ ശങ്കര്‍ ഒക്കെ തിയറ്ററുകളിലുണ്ടായിരുന്ന സമയത്ത് ഈ മൂന്ന് ദിവസങ്ങളില്‍ നിന്ന് മാത്രമായി ആകെ വന്ന കളക്ഷന്‍ 390 കോടിയില്‍ അധികമായിരുന്നു. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്കനുസരിച്ച് ഈ മൂന്ന് ദിനങ്ങളിലായി 2.10 കോടിക്ക് മുകളില്‍ ആളുകളാണ് തിയറ്ററുകളില്‍ എത്തിയത്.
ALSO READ : 24 വര്‍ഷം മുന്‍പ് ആദ്യ സിനിമയില്‍ ലഭിച്ചത് 500 രൂപ! 'ലിയോ'യില്‍ തൃഷ വാങ്ങുന്ന പ്രതിഫലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക