Asianet News MalayalamAsianet News Malayalam

24 വര്‍ഷം മുന്‍പ് ആദ്യ സിനിമയില്‍ ലഭിച്ചത് 500 രൂപ! 'ലിയോ'യില്‍ തൃഷ വാങ്ങുന്ന പ്രതിഫലം

ഒക്ടോബര്‍ 19 നാണ് ലിയോ റിലീസ്

trisha salary in leo starring thalapathy vijay lokesh kanagaraj seven screen studio nsn
Author
First Published Oct 14, 2023, 12:40 PM IST

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ പ്രധാനിയാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ താരമൂല്യത്തില്‍ കുതിപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷ ചിത്രത്തില്‍ വിസ്മയിപ്പിച്ചത്. കോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ റിലീസ് ആയ ലിയോയിലും നായിക തൃഷയാണ്. വരാനിരിക്കുന്ന അജിത്ത് കുമാര്‍ ചിത്രം വിടാ മുയര്‍ച്ചിയിലും തൃഷ തന്നെ നായിക. താരമൂല്യത്തിലെ ഉയര്‍ച്ചയ്ക്കനുസരിച്ച് തൃഷയുടെ പ്രതിഫലത്തില്‍ വന്നിരിക്കുന്ന മാറ്റത്തെ നോക്കിക്കാണുകയാണ് ഇവിടെ.

1999 ല്‍ പുറത്തെത്തിയ ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷയുടെ സിനിമാ അരങ്ങേറ്റം. 16 വയസ് മാത്രം ഉള്ളപ്പോള്‍ അഭിനയിച്ച ഈ ആദ്യ സിനിമയില്‍ നിന്ന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലം വെറും 500 രൂപ ആയിരുന്നു. കരിയറിലെ രണ്ടാം ചിത്രത്തിലൂടെ തൃഷ നായികയാവുകയും ചെയ്തു. 2002 ല്‍ എത്തിയ മൌനം പേസിയതേ ആയിരുന്നു ചിത്രം. എന്നാല്‍ പ്രഭാസിന്‍റെ നായികയായി 2004 ല്‍ എത്തിയച തെലുങ്ക് ചിത്രം വര്‍ഷമാണ് തൃഷയ്ക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. 

അഭിനയിച്ചതില്‍ സമീപകാലത്ത് ഏറ്റവും മികച്ച വിജയം നേടിയ പൊന്നിയിന്‍ സെല്‍വന്‍ 1 ല്‍ തൃഷ വാങ്ങിയ പ്രതിഫലം 2 കോടി ആയിരുന്നു. ചിത്രത്തിന്‍റെ വിജയത്തിന് ശേഷം പ്രതിഫലം 3 കോടിയിലേക്ക് ഉയര്‍ത്തിയിരുന്ന തൃഷ ലിയോയിലെ നായികാവേഷത്തിന് വാങ്ങുന്ന പ്രതിഫലം 5 കോടിയാണ്. അജിത്തിന്‍റെ വിടാ മുയര്‍ച്ചിക്ക് ശേഷം തൃഷയുടേതായി വരാനിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു പ്രോജക്റ്റ് കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഇതിന് നിര്‍മ്മാതാക്കള്‍ തൃഷയ്ക്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത് 12 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫര്‍ തൃഷ സ്വീകരിക്കുന്നപക്ഷം തെന്നിന്ത്യന്‍ നായികാ താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി അവര്‍ മാറും. തെന്നിന്ത്യന്‍ നായികമാരില്‍ പ്രതിഫലത്തില്‍ ഒന്നാമതുണ്ടായിരുന്നത് നയന്‍താരയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാനില്‍ നയന്‍താര വാങ്ങിയത് 10- 11 കോടി ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ALSO READ : ആ തമിഴ് താരത്തെ വീണ്ടും അവതരിപ്പിച്ച് ജയറാം, പൊട്ടിച്ചിരിച്ച് ശിവണ്ണ, മുംബൈയിലും കൈയടി: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios