Asianet News MalayalamAsianet News Malayalam

'ബോണ്ട്..ജെയിംസ് ബോണ്ട്'; വെള്ളിത്തിരയിൽ ആവേശം നിറച്ച ആറ് പതിറ്റാണ്ട്

വാണിജ്യ സിനിമയുടെ നാൾവഴികളിൽ ബോണ്ട് ചിത്രങ്ങൾ പോലെ ജനപ്രിയതയും വിജയവും നേടിയ സിനിമാ പരമ്പര വേറെ ഒന്ന് കാണുക പ്രയാസം.

60th anniversary of james bond movies
Author
First Published Oct 5, 2022, 12:25 PM IST

ജെയിംസ് ബോണ്ട് എന്ന 007 എന്ന രഹസ്യകോഡുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വെള്ളിത്തിരയിൽ ആവേശം നിറക്കാൻ തുടങ്ങിയിട്ട് ഇന്ന് അറുപതു വ‍ർഷം. ഇയാൻ ഫ്ലെമിങ് 1953ലാണ് കഥാപാത്രസൃഷ്ടി നടത്തിയത്. ചീറിപ്പായുന്ന വെടിയുണ്ടയുടെ വേഗതയുള്ള സുന്ദരൻ പക്ഷേ വെള്ളിത്തിരയിൽ എത്തിയത് കുറച്ചു കൊല്ലം കൂടി കഴിഞ്ഞിട്ടാണ്. 1962ൽ. ഷോൺ കോണറി (Sean Connery) എന്ന ഹോളിവുഡിലെ എക്കാലത്തേയും സുന്ദരൻമാരിൽ ഒരാൾ ആദ്യം ബോണ്ടായി. ചിത്രം Dr No. അവിടെ നിന്ന് ഇങ്ങോട്ട് No Time To Die വരെ ഇയോൺ പ്രൊഡക്ഷൻസ് വകയായി എത്തിയത് 25 ബോണ്ട് ചിത്രങ്ങൾ. 

ബോണ്ട് ​ഗേൾസും ബോണ്ട് കാറുകളും ബോണ്ടിന്റെ വിവിധ ഗാഡ്ജറ്റുകളും സിനിമയുടെ കഥയും പശ്ചാത്തലവും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരങ്ങളായ ചേരുവകളായി. വാണിജ്യ സിനിമയുടെ നാൾവഴികളിൽ ബോണ്ട് ചിത്രങ്ങൾ പോലെ ജനപ്രിയതയും വിജയവും നേടിയ സിനിമാ പരമ്പര വേറെ ഒന്ന് കാണുക പ്രയാസം. കൗതുകമുള്ള വേറൊന്നു കൂടിയുണ്ട്. പശ്ചാത്തലസംഗീതവും ഗാനങ്ങളും. ത്രില്ലടിപ്പിക്കുന്ന കഥക്ക് പശ്ചാത്തലം ഒരുക്കുന്ന,  സിനിമയുടെ തീം പറയുന്ന ഈണവും ഗാനവും ബോണ്ട് ചിത്രങ്ങൾക്ക് നേടിക്കൊടുത്തത് നിരവധി ഓസ്കർ നോമിനേഷനുകൾ. മൂന്ന് തവണ നേട്ടവും. 

60th anniversary of james bond movies

Dr No മുതൽ You Only live Twice വരെ അഞ്ച് തവണ ഷോൺ കോണറി ജെയിംസ് ബോണ്ട് ആയി. On her Majesty’s Secret Service എന്ന സിനിമയിൽ മാത്രം മുഖം കാണിച്ചു പോയ ജോർജ് ലാ സെൻബിക്ക് ശേഷം ഒരിക്കൽ കൂടി കോണറി തോക്ക് കറക്കി. Diamonds are forever എന്ന സിനിമക്കായി. പിന്നെ കലക്കിയത് റോജർ മൂർ. ഏഴ് ബോണ്ട് സിനിമകളിൽ നായകനായി. തിമോത്തി ഡാൽട്ടെൻ രണ്ട് സിനിമകളിൽ. പിന്നെ പീയേഴ്സ് ബ്രോസ്നൻ നാല് സിനിമകളിൽ. നൂറ്റാണ്ട് മാറിയപ്പോൾ ബാറ്റൺ കൈമാറാനുള്ള ജോലിയും ബ്രോസ്നന്റേതായിരുന്നു. 

മാറിയ കാഴ്ചാശീലവും താത്പര്യങ്ങളും ആയി എത്തിയ പുതിയൊരു വിഭാഗം കാണികളുടെ ബോണ്ട് ആയത് ഡാനിയേൽ ക്രെയ്ഗ്. 2006ലെ കാസിനോ റോയൽ മുതൽ കഴിഞ്ഞ കൊല്ലം ഇറങ്ങിയ No time to Die വരെ ക്രെയ്ഗ് രസിപ്പിച്ചു. ത്രില്ലടിപ്പിച്ചു. രണ്ടു കൊല്ലം കഴിയും പുതിയ ബോണ്ട് ചിത്രം ഇറങ്ങാൻ എന്നാണ് ഇയോൺ പ്രൊഡക്ഷൻ പറയുന്നത്. ഇനിയില്ല ക്രെയ്ഗ് എന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

60th anniversary of james bond movies

ആരാകും പുതിയ ബോണ്ട് എന്ന കാര്യത്തിൽ ഊഹാപോഹങ്ങളും കഥകളും സർവേകളും വാതുവെപ്പും ഒക്കെ ഇപ്പോൾ തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആദ്യമായി ഒരു സ്ത്രീ 007 എന്ന കോഡുമായി എത്തും എന്നു കേട്ടു. കറുത്ത വംശജനായ താരമാകും എന്ന് കേട്ടു. അങ്ങനെ ഇരുപത്തി ആറാം സിനിമയെ കുറിച്ചുള്ള ആലോചനകളുടെ തുടക്കത്തിൽ മാത്രമേ നിർമാതാക്കൾ എത്തിയിട്ടുള്ളൂ എങ്കിലും പുതിയ ബോണ്ടിനെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ബ്രിട്ടൻ സിനിമാലോകത്തിന് നൽകിയ ഏറ്റവും ജനപ്രിയ കഥാപാത്രം ആണ് ജെയിംസ് ബോണ്ട്. 007 എന്ന നമ്പർ തലമുറകൾ കൈമാറുന്ന ത്രില്ലർ ബാറ്റണും. 

60th anniversary of james bond movies

പതിറ്റാണ്ടുകൾ ബോണ്ട് എത്തിക്കുന്ന ആവേശത്തിനും ഉദ്വേഗത്തിനും കാലാനുസൃതമായ പരിഷ്കാരങ്ങളും വേഗം കൂട്ടലും വരുത്തിയിരിക്കുന്നു. ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് എലിസബത്ത് രാജ്ഞിയെ എത്തിക്കാൻ ഏറ്റവും സുരക്ഷിതമായ കരം ജെയിംസ് ബോണ്ടിന്റേത് ആയിരുന്നു. അതിലും പരം ഒരു തെളിവ് വേണോ ബോണ്ടിന്റെ സ്വീകാര്യതക്ക്? Mr Bond, We are waiting……for 26 th Movie………for more thrillers.

16 രാജ്യങ്ങളെ മറികടന്ന് മലയാളത്തിന്റെ സൂപ്പർ ഹീറോ; പുതിയ നേട്ടവുമായി 'മിന്നൽ മുരളി'

Follow Us:
Download App:
  • android
  • ios