കന്നഡയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്

കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം '777 ചാര്‍ലി'യുടെ ടീസറിന് പുറത്തിറങ്ങിയ അഞ്ച് ഭാഷകളിലും മികച്ച വരവേല്‍പ്പ്. കന്നഡയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഞായറാഴ്ച പുറത്തിറങ്ങിയ ടീസറും ഈ അഞ്ച് ഭാഷകളിലും ഉണ്ടായിരുന്നു. അഞ്ച് ഭാഷാപതിപ്പുകളുടെ ടീസറുകളും റെക്കോര്‍ഡ് കാണികളെയാണ് നേടിയിരിക്കുന്നത്.

777 ചാര്‍ലിയുടെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ടീസറുകള്‍ എല്ലാം തന്നെ 4 മില്യണിന് (40 ലക്ഷം) മുകളില്‍ കാഴ്ചകള്‍ നേടിയിരിക്കുകയാണ്. കന്നഡ പതിപ്പിന്‍റെ ടീസറിന് 48 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചപ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച മലയാളം ടീസറിന് 41 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചു. ആദ്യ 24 മണിക്കൂറിലെ കണക്കെടുത്താല്‍ 'ഒരു അഡാറ് ലവ്', 'ആറാട്ട്' എന്നീ ചിത്രങ്ങളുടെ ടീസറുകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കാണികളെ നേടിയത് 777 ചാര്‍ലിയുടെ മലയാളം ടീസര്‍ ആണ്. അഡാറ് ലവ് ടീസര്‍ 47 ലക്ഷവും ആറാട്ട് 33 ലക്ഷവും കാഴ്ചകള്‍ 24 മണിക്കൂറില്‍ നേടിയെങ്കില്‍ 777 ചാര്‍ലി 32 ലക്ഷം കാഴ്ചകളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം നടത്തുന്നത്.

രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. രക്ഷിത് അവതരിപ്പിക്കുന്ന 'ധര്‍മ്മ'യും ഈ നായയും തമ്മില്‍ ഉടലെടുക്കുന്ന ഹൃദയബന്ധത്തിന്‍റെ കഥയാണ് 777 ചാര്‍ലി. മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. ചിത്രത്തിന്‍റെ മലയാളം ടീസര്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona