പൃഥ്വിരാജ് സുകുമാരന്‍റെ പിറന്നാള്‍ ദിനത്തിന് ആശംസകള്‍ നേര്‍ന്ന് ബാലതാരം മീനാക്ഷി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിനുതാഴെ മോശം കമന്‍റ് ഇട്ട ആള്‍ക്കെതിരെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് കമന്‍റിട്ടയാള്‍ അത് പിന്‍വലിക്കുകയും അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പൃഥ്വിരാജിനൊപ്പം താന്‍ അഭിനയിച്ച 'അമര്‍ അക്ബര്‍ അന്തോണി'യിലെ സ്റ്റില്‍ ആയിരുന്നു മീനാക്ഷി പിറന്നാളാശംസകള്‍ക്കൊപ്പം പങ്കുവച്ചത്. മീനാക്ഷിയെ ചേര്‍ത്തുനിര്‍ത്തുന്ന പൃഥ്വി ആയിരുന്നു ചിത്രത്തില്‍. ഈ പോസ്റ്റിന് താഴെയാണ് ഒരു സ്ത്രീയുടേതായി മോശം കമന്‍റ് എത്തിയത്. വര്‍ഗീയ പരാമര്‍ശം അടങ്ങുന്നതായിരുന്നു അവഹേളനപരമായ കമന്‍റ്. ഈ കമന്‍റ് മീനാക്ഷിയുടെ ഫോളോവേഴ്‍സിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ ഇതിനെതിരെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് കമന്‍റ് ഇട്ടയാള്‍ അത് പിന്‍വലിക്കുകയായിരുന്നു. 

എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ കമന്‍റ് ഇട്ട പ്രൊഫൈല്‍ നിലവില്‍ ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരി എന്നാണ് പ്രൊഫൈല്‍ ഉടമ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു.