പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടി മഞ്ജു വാര്യർക്ക് പൊതുവേദിയിൽ വെച്ച് അപ്രതീക്ഷിത അനുഭവം നേരിടേണ്ടി വന്നു

സിനിമാ താരങ്ങള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുക സംഘാടകരെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്തമാണ്. ചുറ്റും തടിച്ചുകൂടുന്നവരുടെ ആരാധന ഏതറ്റം വരെ പോകുമെന്ന് പറയാനാവില്ല എന്നതാണ് ഇതിലെ വെല്ലുവിളി. ബിഗ് സ്ക്രീനില്‍ കണ്ട് വിസ്മയിച്ചവരെ നേരില്‍ കാണുമ്പോള്‍ കടുത്ത ആരാധകര്‍ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും മുന്‍കൂട്ടി കാണാനുമാവില്ല. അതിനാല്‍ത്തന്നെ പൊതു ഇടങ്ങളില്‍ പലപ്പോഴും ആരാധകരുടെ കൈവിട്ട പെരുമാറ്റങ്ങള്‍ താരങ്ങള്‍ക്കെതിരെ ഉണ്ടാവാറുണ്ട്. ചിലര്‍ പ്രകോപിതരായി പെരുമാറുമ്പോള്‍ മറ്റ് ചിലര്‍ രംഗം വഷളാക്കേണ്ടെന്ന് കരുതി അത് അവഗണിച്ചുവിടാറുമുണ്ട്. അത്തരത്തിലുള്ള പല വീഡിയോകളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. നടി മഞ്ജു വാര്യര്‍ക്കാണ് ഇതില്‍ ആരാധന കൊണ്ടുള്ള അതിരുവിട്ട പെരുമാറ്റം നേരിടേണ്ടിവരുന്നത്.

മാര്‍ച്ച് 15 ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടനം ആയിരുന്നു വേദി. പാലക്കാട് ആയിരുന്നു സ്ഥലം. ഉദ്ഘാടനത്തിന് എത്തുന്ന ജനങ്ങളുമായി മഞ്ജു വാര്യര്‍ക്ക് സംവദിക്കാന്‍ ഒരു സ്റ്റേജ് പുറത്ത് ഒരുക്കിയിരുന്നു. ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജു വാര്യരെ ബലമായി ചുംബിച്ചത്. സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം സ്തബ്ധരായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുകയും ചെയ്യുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം.

Scroll to load tweet…

അതേസമയം എമ്പുരാന് ശേഷം മഞ്ജു വാര്യരുടേതായി സിനിമകളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു എമ്പുരാന്‍റെ റിലീസ്. കഴിഞ്ഞ വര്‍ഷം തന്നെ ഒരു ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമിലും മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു ഇത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News