ആ വമ്പൻ ഹിറ്റ് സംവിധായകന്റെ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നു.
തമിഴകത്ത് വമ്പൻ ഹിറ്റുകളൊരുക്കിയ ഒരു സംവിധായകനാണ് എ ആര്‍ മുരുഗദോസ്. വിജയ്‍യുടെ എക്കാലത്തെയും മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ എ ആര്‍ മുരുഗദോസിന്റേതാണ്. സര്‍ക്കാര്‍, തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ ദളപതി വിജയ് നായകനായവയില്‍ കൂടുതല്‍ കളക്ഷന്റെ അടിസ്ഥാനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളതാണ്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന എന്ന റിപ്പോര്‍ട്ടിന് കൂടുതല്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രം മാസ് എന്റര്‍ടെയ്‍നറായിരിക്കും എന്ന് ശിവകാര്‍ത്തികേയൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എസ്‍കെ 23 എന്നാണ് വിശേഷണപ്പേര്. എസ്‍കെ 23 എന്ന ചിത്രത്തില്‍ താൻ ആവേശഭരിതനാണ് എന്നാണ് ശിവകാര്‍ത്തികേയൻ വ്യക്തമാക്കുന്നത്. എസ് കെ മുരുഗദോസിനെ കാണുമ്പോള്‍ താൻ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തറുണ്ട്. നല്ല പ്രൊജക്റ്റിനായി എപ്പോഴും എന്നെ വിളിക്കാം എന്ന് അദ്ദേഹത്തിനെ ധരിപ്പിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. അദ്ദേഹം പിന്നീട് ആ കഥ പറഞ്ഞ നിമിഷം എന്നും പ്രത്യേകതയുള്ളതായിരിക്കും എന്നും ശിവകാര്‍ത്തികേയൻ വെളിപ്പെടുത്തി.
നേരത്തെ എ ആര്‍ മുരുഗദോസിന്റെ കഥയില്‍ ശിവകാര്‍ത്തികേയൻ നായകനായി എത്തിയിട്ടുണ്ട്. മാൻ കരാട്ടെ എന്ന ചിത്രത്തിന്റെ കഥ എഴുതിയത് എ ആര്‍ മുരുഗദോസാണ്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ആദ്യമായി ശിവകാര്‍ത്തികേയൻ എത്തുമ്പോള്‍ നായിക മൃണാള്‍ താക്കൂറാണ്. സംഗീതം അനിരുദ്ധ് രവിചന്ദറായിരിക്കും.
ഇനി ശിവകാര്‍ത്തികേയൻ നായകനായ പുതിയ ചിത്രമായി റിലീസ് ചെയ്യാനുള്ളത് അയലാനാണ്. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് നായിക. ശിവകാര്‍ത്തികേയന്റെ ഒരു സയൻസ് ഫിക്ഷൻസ് ചിത്രമായിരിക്കും അയലാൻ.
