സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.


ഫഹദ് (Fahad) നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്' (Malayankunju). നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. 'മലയൻകുഞ്ഞ്' എന്ന ഫഹദ് ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്‍മാനാണ് ( A R Rahman) എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത.

മോഹൻലാല്‍ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്‍തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ആടുജീവിത'ത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാനാണ്. സംഗീത് ശിവൻ 'യോദ്ധ'യെന്ന ചിത്രത്തിലെ ഗാനങ്ങള്‍ എന്നും ആസ്വാദകര്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്നതാണ്. എ ആര്‍ റഹ്‍മാൻ ഒരു മലയാള ചിത്രത്തിനായി സംഗീതം പകരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലുമാകും.

കൊവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രങ്ങളായ 'സീ യു സൂണ്‍', 'മാലിക്' എന്നിവയ്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട് 'മലയൻകുഞ്ഞി'ന്. മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. മഹേഷ് നാരായണനായിരിക്കും മലയൻകുഞ്ഞെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക. ഫഹദിന്റെ കഥാപാത്രം എന്തായാരിക്കും ചിത്രത്തില്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഫഹദിന്റെ വേറിട്ട ചിത്രമായിരിക്കും 'മലയൻകുഞ്ഞ്' എന്നാണ് ഇതുവരെയുള്ള പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്.