ദില്ലി: ഡല്‍ഹി 6 എന്ന ചിത്രത്തിലെ പ്രശസ്തമായ മസക്കലി എന്ന ഗാനത്തിന്‍റെ റീമിക്സാണ് കഴിഞ്ഞ ദിവസമാണ് ടി-സീരിസ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്. തനിഷ്കാണ് ഗാനം പുനസൃഷ്ടിച്ചത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ വീഡിയോയില്‍ ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് അഭിനയിച്ചത്. 

എന്നാല്‍ ഗാനം ഇറങ്ങിയതോടെ ശക്തമായ എതിര്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.ഗാനത്തിന്‍റെ കമന്‍റ് സെക്ഷനില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഗാനത്തിന്‍റെ നിര്‍മ്മാതാക്കളായ ടി-സീരിസിനെതിരെയും, തനിഷ്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരത്തില്‍ ഒരു ഗാനത്തെ നശിപ്പിക്കരുത് എന്നാണ് പ്രധാനമായും ഉയരുന്ന പ്രതിഷേധം.

ഇതിന് പിന്നാലെയാണ് ഗാനത്തിന്‍റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ സംഭവത്തില്‍ പരോക്ഷമായി പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയത്. തന്‍റെ ഒറിജിനല്‍ മസക്കലിയുടെ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് റഹ്മാന്‍റെ പ്രതികരണം. ഒപ്പം റഹ്മാന്‍ കുറിച്ചു. ഡയറക്ടര്‍മാരുടെ ടീം, സംഗീത സംവിധായകന്‍റെ, ഗാന രചിതാവിന്‍റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമം ഇല്ലാതെ പണിയെടുത്ത ഫിലിം ക്രൂ.. ഇങ്ങനെ കുറിച്ചു. എളുപ്പം റീമിക്സ് ചെയ്യുന്നതിനെ ഒരു പാട്ടിന് പിന്നിലെ അദ്ധ്വാനം ഓര്‍പ്പിക്കുകയായിരുന്നു റഹ്മാന്‍. എന്നാല്‍ പിന്നീട് റീമിക്സ് പതിപ്പും റഹ്മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി. യഥാര്‍ത്ഥ മസക്കലി ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും. ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്മാനും, തനിക്കും, ഗായകന്‍ മോഹിത് ചൗഹനും ഇപ്പോഴത്തെ റീമിക്സ് കേള്‍ക്കുമ്പോള്‍ ഏറെ ദു:ഖമുണ്ടെന്നും പ്രസൂണ്‍ കുറിച്ചു. ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസൂണ്‍ പറയുന്നു.

രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് സിനിമയാണ് ഡല്‍ഹി 6. അഭിഷേക് ബച്ചനും, സോനം കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ഹിറ്റായിരുന്നു.