മലയാളത്തിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ആടിന്‍റെ മൂന്നാം ഭാഗം എത്തുന്നതിന് മുന്‍പ് ആ പ്രധാന സര്‍പ്രൈസ് പുറത്ത് 

ഒരു സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊക്കെ ഇന്ന് സാധാരണമാണ്. എന്നാല്‍ ഒരു സിനിമയുടെ മൂന്നാം ഭാഗം തന്നെ രണ്ട് ഭാഗങ്ങളായി എത്തിയാലോ? അത്തരത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് മലയാളത്തിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ആട്. ആട് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാ​ഗത്തിന് വണ്‍ ലാസ്റ്റ് റൈഡ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ ആ മൂന്നാം ഭാ​ഗം തന്നെ രണ്ട് ഭാ​ഗങ്ങളായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലറിലാണ് അണിയറക്കാര്‍ ഇക്കാര്യം ആദ്യമായി സൂചിപ്പിച്ചത്. ഇപ്പോഴിതാ നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ് ബാബു ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

വിജയ് ബാബു പറയുന്നു

“ഇതുവരെ എല്ലാവരും പല പല അഭ്യൂഹങ്ങള്‍ പറഞ്ഞിരുന്നു. മമ്മൂക്കയുണ്ടോ, ലാലേട്ടന്‍ ഉണ്ടോ എന്നൊക്കെ. അതൊക്കെ നമ്മള്‍ വളരെ ലൈറ്റ് ആയിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് മറ്റൊരു പ്രധാന കാര്യം പറയുകയാണ്. ആട് 3 എന്നത് വണ്‍ ലാസ്റ്റ് റൈഡ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെയല്ല. ഇത് വണ്‍ ലാസ്റ്റ് റൈഡിന്‍റെ പാര്‍ട്ട് 1 മാത്രമാണ്. ഇതിന് ഒരു പാര്‍ട്ട് 2 കൂടി ഉണ്ടായിരിക്കും”, വണ്‍ 2 ടോക്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞു. ഒരു സിനിമയുടെ മൂന്നാം ഭാ​ഗം തന്നെ രണ്ട് ചാപ്റ്ററുകളായി ഇറങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായി ആയിരിക്കും.

2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. ഒരു പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് നേരത്തെ എത്തിയ പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംഷയും സമ്മാനിക്കുന്നുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ എങ്ങനെ ഇത്തരം ഒരു കാലത്തിൻ്റെ ഭാഗമാകുന്നു എന്നറിയാനുള്ള ആകാംഷ, വലിയ പ്രതീക്ഷ തന്നെയാണ് ചിത്രത്തെക്കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്.

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News