മലയാള സിനിമയില്‍ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിന്‍റെ ഇതുവരെയുള്ള നാള്‍വഴി. 

ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനായും അണിയറക്കാര്‍ ഇത്രയും വിയര്‍പ്പ് ഒഴുക്കിയിട്ടുണ്ടാവില്ല, ബ്ലെസിയുടെ (Blessy) ആടുജീവിതം (Aadujeevitham) പോലെ. ഒടുവില്‍ എല്ലാ പ്രതിസന്ധികളും തരണം ചെയ്‍ത് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ് (Prithviraj Sukumaran) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 14 വര്‍ഷങ്ങള്‍, ഒരായിരം വെല്ലുവിളികള്‍, ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍... ഗംഭീരമായ ഒരു കാഴ്ച! ബ്ലെസ്സിയുടെ ആടുജീവിതം... പാക്കപ്പ്!, ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാള സിനിമയില്‍ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിന്‍റെ ഇതുവരെയുള്ള നാള്‍വഴി. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. ആകെ ചിത്രീകരണത്തിനായി വേണ്ടിവന്നത് 160നു മുകളില്‍ ദിവസങ്ങള്‍. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു. 

ALSO READ : ഡോ. ഓമനയുടെ ജീവിതം സിനിമയാവുന്നു; സംവിധാനം നവജിത് നാരായണന്‍

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്‍റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. 

റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.