ദില്ലി: വി.സി.അഭിലാഷ് രചനയും  സംവിധാനവും നിർവഹിച്ച മലയാള ചിത്രം 'ആളൊരുക്കം' നാലാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിന്റെ സമകാലീന മത്സര വിഭാഗത്തിലേക്ക്  ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയിൽ സെപ്തംബര്‍ 23 മുതൽ ഒക്ടോബർ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 

രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് സൃഷ്ടികള്‍ വീതമാണ് വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ഒദ്യോഗികമായി ബ്രിക്സ് ഫെസ്റ്റിവലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇതിൽ നിന്നാണ് 'ആളൊരുക്കം'  ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫെസ്റ്റിവൽ ടീം തെരഞ്ഞെടുത്തത്. 'ആളൊരുക്ക'ത്തെ കൂടാതെ വി.സി.അഭിലാഷ്  സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ഒരു സുപ്രധാന കാര്യ'വും ഇന്ത്യയുടെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു ചലച്ചിത്രത്തിന് കൂടി ഫെസ്റ്റിവലില്‍ എൻട്രി ലഭിക്കും.

മാധ്യമ പ്രവർത്തകനായ വി സി അഭിലാഷ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'ആളൊരുക്കം'.  സംവിധായകൻ വി.സി.അഭിലാഷ്, നിർമ്മാതാവായ  പ്രവാസി വ്യവസായി ജോളി ലോനപ്പൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള നാഷണൽ   അവാർഡുമടക്കം ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ 'ആളൊരുക്കം' സ്വന്തമാക്കിയിരുന്നു.