നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമയാണ് 'പ്രതിഛായ'. സമകാലിക കേരള രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രത്തിൽ, ഷറഫുദ്ദീൻ വില്ലൻ വേഷത്തിലും ബാലചന്ദ്രമേനോൻ ശക്തമായൊരു കഥാപാത്രമായും എത്തുന്നു.

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രതിഛായയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഷറഫുദ്ദീന്റെ പോസ്റ്ററാണിത്. കണ്ണടയും ഖദറും ധരിച്ച് വില്ലനിസം ലുക്കിലാണ് താരത്തെ പോസ്റ്ററിൽ കാണാനാവുക. "എല്ലാ ചിത്രങ്ങളും സത്യം പറയുന്നില്ല. ചിലത് അപകടകരമായ ഒരു വിധി മറച്ചുവെക്കുന്നു", എന്ന ക്യാപ്ഷനും പോസ്റ്റിന് നൽകിയിട്ടുണ്ട്. നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോനും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മൻചാണ്ടിക്കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയിലറിൽ കാണാം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണൻ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്. നേരിട്ടു രാഷ്ട്രീയം പറയുന്ന സംഭാഷണങ്ങളാണ് ട്രെയിലറിൽ കാണുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം. പെരുന്നാൾ റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming