ദില്ലി: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന്, താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും അനുകൂലിക്കുന്നില്ലെന്ന് മറുപടി നല്‍കി ആമിര്‍ ഖാന്റെ മറുപടി. പ്രവാസികള്‍ക്ക് വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവര്‍ വിശദമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കണമെന്നും ആമിര്‍ പറഞ്ഞു.

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തന്റെ 54-ാം പിറന്നാള്‍ വേളയില്‍ ആരാധകര്‍ക്ക് വളരെ പ്രസക്തമായ ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. എല്ലാ കൊല്ലത്തെയും പതിവ് പോലെ ഭാര്യ കിരണ്‍ റാവുവിനോടൊപ്പം കേക്ക് മുറിച്ചാണ് ആമിര്‍ ഖാന്‍ പിറന്നാള്‍ ആഘോഷിച്ചത്. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് അല്‍പനേരം സംസാരിക്കുകയും ചെയ്തു. അതിനിടയിലാണ് തന്റെ ആരാധകര്‍ക്കായി ആമിര്‍ ഖാന്‍ ഒരു സ്‌നേഹസന്ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു അത്. ഇന്ത്യയിലെ എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് ആമിര്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു.  ഇന്നലെ പോളിങ് ബൂത്തുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ആമിര്‍ഖാനും ഉള്‍പ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് താരത്തിന്റെ പ്രതികരണം.