എവിടെപ്പോയാലും ആളുകൾ ഫോണുമായി പിന്തുടരുന്നതിനാലും വീഡിയോകൾ സന്ദർഭത്തിൽ നിന്നടർത്തിമാറ്റി തെറ്റായി പ്രചരിപ്പിക്കുന്നതിനാലും തനിക്ക് സോഷ്യൽ മീഡിയയെ ഭയമാണെന്ന് ഗായിക കെ.എസ്. ചിത്ര. KS Chithra talks about social media
തനിക്ക് സോഷ്യൽ മീഡിയ പേടിയാണെന്ന് തുറന്നുപറഞ്ഞ് ഗായിക കെ.എസ് ചിത്ര. എവിടെ ചെന്നാലും ആരെങ്കിലുമൊക്കെ ഫോണുമായി പിറകെ നടക്കുമെന്നും, ഏത് ഭാഗമാണ് ഇവർ കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്നോർക്കുമ്പോൾ പേടി തോന്നുമെന്നും ചിത്ര തുറന്നുപറഞ്ഞു.ഒരു അവാർഡ് ചടങ്ങിൽ ഫോട്ടോയെടുക്കാനെത്തിയ സ്ത്രീയുടെ കൈ മുടിയിൽ കുടുങ്ങിയപ്പോൾ അത് പറഞ്ഞത്, തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കപ്പെട്ടതോടെ തനിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നുവെന്നും ചിത്ര കൂട്ടിച്ചേർത്തു.
"സോഷ്യൽ മീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോൾ ഭയമാണ്. ദൈവമെ ഇവർ ഏത് ഭാഗവും കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്ന് ഓർത്ത്. ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതിൽ ഒന്ന്. രവീന്ദ്രൻ മാഷിന്റെ പേരിൽ ഒരു അവാർഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയിൽ വെച്ചാണ് നടന്നത്. ഞാൻ ചെന്ന് ഒരു കസേരയിൽ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്.
‘അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകൾ ആ വീഡിയോയ്ക്ക് വന്നു’
അപ്പോഴേക്കും പിറകിൽ നിന്നും ഒരു അമ്മ വന്നു. ഫോട്ടോ എടുക്കാൻ വന്നതാണ്. അതിന്റെ ഇടയിൽ അവരുടെ കൈകൾക്കിടയിൽ എന്റെ മുടി അമർന്നു. അന്ന് തലയിൽ വേറൊരു വെപ്പ് മുടി കൂടി വെച്ചിരുന്നു." കെ.എസ് ചിത്ര പറയുന്നു. ഒരു പബ്ലിക്ക് ഫങ്ഷനിൽ വെച്ച് അത് ഊരി വീണാൽ നാണക്കേടാവില്ലേ?. അവരുടെ കൈകൾ മുടിയിൽ അമർന്നപ്പോൾ എന്റെ തലയും ചെറുതായി വലിഞ്ഞു. അവരുടെ കൈ എനിക്ക് തട്ടി മാറ്റാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ മുടിയിലാണ് കൈ അമർന്നിരിക്കുന്നതെന്ന് അവരോട് ഞാൻ പറഞ്ഞു. ആ പറയുന്ന ഭാഗം കട്ട് ചെയ്ത് ആരൊക്കയോ സോഷ്യൽമീഡിയയിൽ ഇട്ടു.അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകൾ ആ വീഡിയോയ്ക്ക് വന്നു. ഞാൻ സോഷ്യൽമീഡിയ നോക്കുന്നയാളല്ല. പക്ഷെ ആരെങ്കിലും എനിക്ക് എല്ലാം അയച്ച് തരും. അങ്ങനെയാണ് ഞാൻ പലതും കാണുന്നത്. ആ സത്രീക്ക് ശേഷവും ഒരുപാട് പേർ വന്ന് ഫോട്ടോയെടുത്ത് പോയി. പക്ഷെ മുടിയെന്ന് ഞാൻ ആ സ്ത്രീയോട് പറഞ്ഞതാണ് പ്രശ്നമായത്." ചിത്ര കൂട്ടിച്ചേർത്തു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെ.എസ് ചിത്രയുടെ പ്രതികരണം.



